അടിയന്തര സാഹചര്യങ്ങളെ തുടർന്ന് രമ്യ ഹരിദാസ് എംഎൽഎയ്ക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഡിസിസി ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തതെന്നാണ് വിശദീകരണം. ബസ് സർവീസ് ഉദ്ഘാടനം ചിറയികീഴ് ജംഗ്ഷനിൽ "മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ എസ് .കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്തു'' എന്ന തലക്കെട്ടോടെ കൃഷ്ണകുമാർ തന്നെ സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങളും പങ്കുവെച്ചു.

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസിന്‍റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി നിർവഹിച്ച സംഭവം വിവാദത്തിൽ. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു ചിറയിൻകീഴിൽനിന്നും കൊല്ലത്തേക്കുള്ള ബസ് സർവീസിന്‍റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. ഉദ്ഘാടകയായി സ്ഥലം എംഎൽഎ രമ്യ ഹരിദാസിനെയും നിശ്ചയിച്ചു. എന്നാൽ, എംഎൽഎ എത്താത്തതിനെ തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. എസ്. കൃഷ്ണകുമാർ ബസ് സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

അടിയന്തര സാഹചര്യങ്ങളെ തുടർന്ന് രമ്യ ഹരിദാസ് എംഎൽഎയ്ക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഡിസിസി ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തതെന്നാണ് വിശദീകരണം. ബസ് സർവീസ് ഉദ്ഘാടനം ചിറയികീഴ് ജംഗ്ഷനിൽ "മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ എസ് .കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്തു'' എന്ന തലക്കെട്ടോടെ കൃഷ്ണകുമാർ തന്നെ സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങളും പങ്കുവെച്ചു. ഉദ്ഘാടനത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് വിഷയം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിവാദത്തിന് വഴിതുറന്നത്. ഒരു സർക്കാർ സംവിധാനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കാൻ ഡിസിസി ജനറൽ സെക്രട്ടറിക്ക് അല്ലെങ്കിൽ മന്ത്രിയുടെ ഭർത്താവിന് എങ്ങനെയാണ് അർഹതയുണ്ടാകുന്നതെന്ന ചോദ്യമുയർത്തിയാണ് സാമൂഹികമാധ്യമങ്ങളിലെ വിമർശനം.

എംഎൽഎയുടെ ഓഫീസ് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കൃഷ്ണകുമാറിനെ ഉദ്ഘാടകനാക്കിയതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വാദം. എംഎൽഎയ്ക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് ചടങ്ങിൽ നിന്നും വിട്ടുനിന്നതെന്നാണ് അടുത്ത വൃത്തങ്ങളും പറയുന്നത്. സാമൂഹികമാധ്യമങ്ങളിലടക്കം ചർച്ചയായതോടെ വിഷയം നിയമസഭയിലടക്കം എത്തിക്കാനാണ് ഇടത് കേന്ദ്രങ്ങളുടെ നീക്കം.