
തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത വാഹനാപകടം സംബന്ധിച്ച വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായി എന്ന് പിണറായി വിജയൻ പറഞ്ഞു. അതേ സമയം സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. അപകടം വർഗീയമായി ചിലർ കാണുന്നുവെന്നും അത് അപലപനീയമെന്നും രമേശ് ചെന്നിത്തല സഭയിൽ ചൂണ്ടിക്കാട്ടി. മന്ത്രി പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കേസ് ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന് കൈമാറിയതായും ചെന്നിത്തല അറിയിച്ചു. കുടുംബത്തിന്റെ പരാതി ഐജി നിശാന്തിനി കേൾക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
നെടുമ്പാശ്ശേരിയിലേത് നാടിനെ നടുക്കിയ അപകടം എന്നും പിണറായി വിജയൻ പ്രതികരിച്ചു. പ്രതിയെ അപ്പോൾ തന്നെ നാട്ടുകാർ പിടിച്ചു പോലീസിനെ ഏൽപ്പിച്ചു. തന്റെ വാപ്പ നോക്കിക്കോളും എന്നായിരുന്നു ചെറുപ്പക്കാരന്റെ പ്രതികരണം. ചെറുപ്പക്കാരൻ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചു എന്നത് വാർത്തകളിൽ വന്നു കഴിഞ്ഞു. മൂന്നു മണിക്കൂറിനു ശേഷമാണ് ജിഡി എൻട്രി ഇട്ടതെന്നും പിന്നീടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ഒരുപാട് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്ത്തു.
കൃത്യമായ വൈദ്യ പരിശോധന നടന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ലഹരിയിൽ നിൽക്കുന്ന പ്രതിയെ ഉടൻതന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടത്. സംഭവത്തിന്റെ ഗൗരവത്തിന് അനുസരിച്ചല്ല നടപടികൾ നടന്നതെന്നും പിണറായി വിമര്ശിച്ചു. എഫ്ഐആറിൽ പേര് ചേർക്കാൻ പോലീസ് മടിച്ചു. പ്രായപൂർത്തിയാകാത്ത ആൾക്ക് മദ്യം നൽകിയതിന് മൂന്ന് ബാറുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ബോഡ്സ്റ്റൽ സ്കൂളിലേക്കാണ് കുട്ടിയെ മാറ്റിയതെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് ഇത്തരം കുറ്റവാളികളെ ജുവനയിൽ ഹോമുകളിലേക്ക് മാറ്റണമോ എന്നതിൽ പുനർചിന്തനം വേണമെന്നും അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam