അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ഉപയോഗം തടയാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് ലംഘിക്കാൻ നിർദേശം

Published : Jun 26, 2025, 05:19 PM IST
Pinarayi Vijayan

Synopsis

ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാൽ അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി ഉപയോഗം തടയാൻ അധ്യാപകർക്ക് കുട്ടികളുടെ ബാഗുകൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ അന്തസ്സിന് ക്ഷതമേൽക്കുന്ന ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷൻ ലംഘിച്ചതാണ്. എന്നാൽ ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാ‌ൽ വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്നും ഇതിൽ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി. മയക്കുമരുന്ന് വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നോ ടു ഡ്രഗ്സ് അഞ്ചാം ഘട്ടത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിന്തറ്റിക് ലഹരി ഉപയോഗം ആശങ്കാജനകമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതുതലമുറയിലെ ചിലർ ഇത് ഉപയോഗിക്കുന്നുണ്ട്. ലഹരി മാഫിയ സ്കൂൾ കുട്ടികളെ വലിയ തോതിൽ ലക്ഷ്യമിടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ മാഫിയയുടെ വിപണന കേന്ദ്രങ്ങളായി മാറുകയാണ്. കുട്ടികളുമായും യുവാക്കളുമായും ബന്ധം സ്ഥാപിക്കാൻ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നു. സൗഹൃദം നടിച്ച് ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലരുടെ വീട്ടിലെ സ്ഥിതി കുട്ടികളെ കെണിയിൽ വീഴാൻ ഇടയാക്കുന്നു. കുട്ടികൾക്കായി വല വിരിക്കാൻ തക്കം പാർക്കുന്ന മാഫിയയെ തളർത്തണം. രക്ഷിതാക്കൾ കുട്ടികൾക്ക് സ്നേഹ പൂർണമായ നിയന്ത്രണം നൽകണം. മുതിർന്നവർ ലഹരി ഉപയോഗം ഒഴിവാക്കി മാതൃകാപരമായി ജീവിക്കണം. ലഹരി ഉപയോഗിക്കുന്ന കുട്ടിയെ ഒറ്റപെടുത്താതെ ചികിത്സ നൽകണം. ലഹരി ഉപയോഗിക്കുന്നതായി സംശയമുണ്ടായാൽ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം. ഇതിന് ഒരു മടിയും കാണിക്കരുത്. ഇതിന്റെ പേരിൽ ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

സർക്കാരിന്റെ ലഹരി വിരുദ്ധ നടപടികൾ ഫലം ചെയ്യുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എക്സൈസ് മന്ത്രി എം.ബി രാജേഷ് ചൂണ്ടിക്കാട്ടി. ഒന്നര മാസത്തിനിടെ 1.75 കോടിയുടെ മയക്കു മരുന്ന് പിടിക്കാനായി. കേരളമാണ് മയക്കുമരുന്നിന്റെ ആസ്ഥാനമെന്ന തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. മയക്കുമരുന്നുമായി ഏറ്റവും കൂടുതൽ പേരെ പിടികൂടിയത് കേരളത്തിലാണ്. കേസിന്റെയും പിടികൂടുന്നവരുടെ കണക്ക് വച്ചാണ് കേരളത്തെക്കുറിച്ചുള്ള പ്രചാരണം നടക്കുന്നത്. എന്നാൽ കേരളത്തിലേക്ക് സംസ്ഥാനത്തിന് പുറത്തുനിന്നാണ് ലഹരി മരുന്ന് എത്തിയതെന്നും മന്ത്രി പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം