യുവമോർച്ചാ നേതാവ് കെ ടി ജയകൃഷ്ണൻ കൊലക്കേസ് സിബിഐ അന്വേഷിക്കണം, ബിജെപിക്ക് പിന്നാലെ കോൺഗ്രസും രംഗത്ത്

By Web TeamFirst Published Feb 8, 2023, 12:28 PM IST
Highlights

കെടി ജയകൃഷ്ണന്റെ അമ്മയോ അന്ന് കൊലപാതകം നേരിൽ കണ്ടതിന്റെ മാനസിക പ്രയാസം ഇന്നും അനുഭവിക്കുന്ന കുട്ടികളുടെ ബന്ധുക്കളോ ആവശ്യപ്പെട്ടാൽ സൗജന്യ നിയമ സഹായം നൽകാൻ കോൺഗ്രസ് തയ്യാറാണെന്നും ഡിസിസി പ്രസിഡന്റ്  

കണ്ണൂർ : കണ്ണൂരിലെ ബിജെപി, യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിക്ക് പിന്നാലെ കോൺഗ്രസും രംഗത്ത്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം സിബിഐ അന്വേഷിക്കണമെന്ന കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് കണ്ണൂർ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് പറഞ്ഞു. കെടി ജയകൃഷ്ണന്റെ അമ്മയോ അന്ന് കൊലപാതകം നേരിൽ കണ്ടതിന്റെ മാനസിക പ്രയാസം ഇന്നും അനുഭവിക്കുന്ന കുട്ടികളുടെ ബന്ധുക്കളോ ആവശ്യപ്പെട്ടാൽ സൗജന്യ നിയമ സഹായം നൽകാൻ കോൺഗ്രസ് തയ്യാറാണെന്നും മാർട്ടിൻ ജോർജ് കൂട്ടിച്ചേർത്തു. ബി ജെ പി യും സി പി എമ്മും തമ്മിലുള്ള അന്തർധാരയുടെ ഫലമായാണ് കേസ് സിബിഐക്ക് വിടാത്തത്. കേസ് സി ബി ഐക്ക് വിടണമെന്ന ബി ജെ പി ജില്ല പ്രസിഡണ്ടിന്റെ ആവശ്യം ആത്മാർത്ഥതയില്ലാത്തതാണെന്നും ഡിസിസി പ്രസിഡണ്ട് അഭിപ്രായപ്പെടുന്നു. 

1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളിൽ ക്ലാസ്സെടുക്കുന്നതിനിടെയാണ് കെ.ടി ജയകൃഷ്ണൻ വധിക്കപ്പെടുന്നത്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തെ വിദ്യാർഥികളുടെ മുന്നിലിട്ടാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. കെടി ജയകൃഷ്ണൻ കൊലക്കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം ബി ജെ പി ആവശ്യപ്പെട്ടിരുന്നു. ആവശ്യം ബിജെപി സംസ്ഥാന സർക്കാരിനെ അറിയിക്കും. യഥാർത്ഥ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ വിഹരിക്കുകയാണെന്ന് ബി ജെ പി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ ഹരിദാസ് ആരോപിച്ചു. കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു. അവരുടെ മാനസിക നില ഇന്നും ശരിയായിട്ടില്ല. അന്നത്തെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പാനൂർ സ്വദേശി ഷെസീന വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം കാരണമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നാണ് ബി ജെ പി ജില്ലാ പ്രസിഡണ്ട് പറയുന്നത്. 

 

click me!