
തിരുവനന്തപുരം: കേരള സെനറ്റ് യോഗത്തിൽ സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം. ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷംമാണ് കേരള സർവകലാശാല സെനറ്റ് യോഗം ആരംഭിച്ചത്. ഇതിനിടെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. ഗവേഷക വിദ്യാർത്ഥിയെ ജാതി പീഡനം നടത്തിയ കെ വിജയകുമാരിയെ പുറത്താക്കുക, ഡീൻ സ്ഥാനത്തു നിന്ന് പുറത്താക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്നാണ് സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായത്. തുടർന്ന് കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം പതിനെട്ടാം തീയതിയിലേക്ക് മാറ്റി.
ഇടത് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ അനാവശ്യമായി ബഹളം ഉണ്ടാക്കുകയായിരുന്നെന്ന് ബിജെപി അംഗങ്ങൾ ആരോപിച്ചു. മറ്റ് അജണ്ടയിലേക്ക് കടക്കാൻ അവർ സമ്മതിച്ചില്ല. മുൻ വൈസ് ചാൻസലർ മഹാദേവൻ പിള്ളയ്ക്ക് അനുശോചനം അർപ്പിക്കുന്നത് മാത്രമാണ് നടന്നത്. ഡോ. സി എൻ വിജയകുമാരിക്കെതിരെയുള്ള വ്യാജ പരാതിയുടെ പേരിലാണ് പ്രതിഷേധം നടത്തിയത്. അജണ്ടയിൽ ഇല്ലാത്ത അനാവശ്യ കാര്യം ഉയർത്തിയാണ് പ്രതിഷേധം. അധ്യാപികക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നു. സ്ത്രീ പീഡനത്തിന് കേസെടുക്കേണ്ട കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീ എന്ന പരിഗണന കൊടുക്കാതെ നിരന്തരം വേട്ടയാടുന്നു. 15 വർഷമായി ദളിത് പീഡനം നടത്തുന്നു എന്നാണ് വിദ്യാർത്ഥിയുടെ പരാതി. ഓപ്പൺ ഡിഫൻസ് നടത്തുന്നതുവരെ വിദ്യാർത്ഥിക്ക് പരാതിയില്ലായിരുന്നു. ഈ അധ്യാപികയുടെ കീഴിൽ നിരവധി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. എംഫിൽ നൽകിയപ്പോൾ വിപിൻ വിജയന് ജാതി അധിക്ഷേപ പരാതിയില്ലായിരുന്നു. പഠിക്കാത്ത വിദ്യാർത്ഥികൾ എസ്എഫ്ഐയുടെ ഹുങ്ക് ഉപയോഗിച്ച് ബിരുദം നേടാൻ ശ്രമിക്കുകയാണെന്നും കൂടുതൽ ജാതി പറയുന്നത് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആണെന്നും ബിജെപി ആരോപിച്ചു.
അതിനിടെ, ബിജെപി സിൻഡിക്കേറ്റ് അംഗമായ ഡോ. വിനോദ് കുമാർ വിവാദ പരാമർശം നടത്തി. വിജയകുമാരി ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് ബിജെപി അംഗം ഡോ. പി എസ് ഗോപകുമാർ തിരുത്തി. കേരള സർവ്വകലാശാലയുടെ പല ഗവേഷണങ്ങളും സംശയ നിഴലിലാണ്. വൈജ്ഞാനിക പാപ്പരത്വം ഒഴിവാക്കാനാണ് ജാതി അധിക്ഷേപ പരാതിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam