
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മൈനിംഗ് കോർപ്പറേഷൻ ചെയർമാനുമായ മടവൂർ അനിലിനെതിരെ (Madavoor Anil) പാർട്ടി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തകൾ തള്ളി സിപിഎം. അനിലിന് എതിരായ പരാതി അന്വേഷിക്കാൻ മുന്നംഗ കമീഷനെ നിയോഗിച്ചെന്നായിരുന്നു വാർത്തകൾ. എന്നാല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. പാറ ക്വാറികളിലെ ട്രാൻസ്പോർട്ടിംഗ് കരാറുകാരിൽ നിന്നും മടവൂർ അനിൽ കമ്മീഷൻ വാങ്ങിയെന്ന് സിപിഎം അംഗവും ആനത്തലവട്ടം ആനന്ദന്‍റെ ബന്ധുവുമായ രഞ്ജിത്ത് ഭാസിയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയത്. അതേസമയം പരാതി തീർത്തും അടിസ്ഥാന രഹിതമാണെന്ന് മടവൂർ അനിൽ പ്രതികരിച്ചു.
തിരുവനന്തപുരം: സിപിഎം (CPM) പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). വിലക്കിന് കാരണം കോൺഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്തമെന്നും പങ്കെടുക്കാൻ നേതാക്കൾ തയ്യാറാണെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നതായും കോടിയേരി പറഞ്ഞു. നേതാക്കളെ വിലക്കുന്നത് കോൺഗ്രസിന്‍റെ ബിജെപി അനുകൂല നിലപാട് മൂലമാണ്. കേരളത്തിലെ വിഷയങ്ങളല്ല ദേശീയ രാഷ്ട്രീയമാണ് ചർച്ചയ്ക്ക് വരുന്നതെന്നും കോടിയേരി പറഞ്ഞു.
സിപിഎം സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്നാണ് കഴിഞ്ഞ ദിവസം കെപിസിസി നല്‍കിയ നിർദ്ദേശം. എന്നാൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ പാർട്ടി വിലക്കില്ലെന്നും പങ്കെടുക്കരുതെന്ന കെപിസിസി നിർദേശം കിട്ടിയിട്ടില്ലെന്നുമാണ് ശശി തരൂർ പറഞ്ഞത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും തരൂർ വിശദീകരിക്കുന്നു. എന്നാല്‍ കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്‍റെ സെമിനാറിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് പ്രസിഡന്‍റ് കെ സുധാകരൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കെ റെയിൽ വിഷയത്തിലടക്കം സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. വലിയ ജനസമൂഹം ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്‍റെ സെമിനാറിൽ പോകുന്നത് വിലക്കിയത്. ജനങ്ങളുടെ വികാരം മനസിലാക്കിയാണ് തിരുമാനമെന്നാണ് സുധാകരന്‍റെ വിശദീകരണം. സോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ പോകട്ടേയെന്നും സുധാകരൻ കൂട്ടിച്ചേർക്കുന്നു. സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിലേക്ക് കോൺഗ്രസ് നേതാക്കളായ ശശി തരൂര്‍ കെ വി തോമസ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലെ സെമിനാർ വേദിയിലേക്കാണ് കെ വി തോമസിനെ ക്ഷണിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam