
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ വധശ്രമക്കുറ്റം ചേർത്ത് ക്രൈം ബ്രാഞ്ച്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്ഐടി) മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതികൾ കീഴടങ്ങാൻ എത്തുമെന്ന സൂചന നിലനിൽക്കെയാണ് ഇന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തിയപ്പോൾ പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് എസ്ഐടി സമർപ്പിച്ചിരുന്നില്ല. കേസിൽ പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ശകാരിച്ചിരുന്നു. ഇതേ തുടർന്ന് കോടതി കേസ് മാറ്റിവെച്ചു.
പ്രതികളായ അനിൽ കുമാർ, സന്ദീപ് എന്നിവർ കോടതിയിൽ എത്തി കീഴടങ്ങിയേക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് എസ്ഐടി വധശ്രമക്കുറ്റം കൂടി ചുമത്തിയത്. പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യം നേടുന്നത് തടയാനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയുള്ള എസ്ഐടിയുടെ നീക്കം.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പിണറായി വിജയൻ്റെ ഗൺമാന്മാരായ അനില്‍ കുമാര്‍, സന്ദീപ് എന്നിവരെയും പൊലീസുകാരായ വിപിന്‍, ഷൈജു, അരുണ്‍ എന്നിവരെയുമാണ് സസ്പെൻഡ് ചെയ്തത്. എസ്ഐടി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ അന്തിമ റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ് നടപടിയുണ്ടായത്.
കേസിൻ്റെ ആദ്യഘട്ടത്തിൽ സന്ദീപും അനിൽ കുമാറും മാത്രമായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. എസ്ഐടി അന്വേഷണം ഏറ്റെടുത്തതിനെ തുടർന്നാണ് മറ്റുള്ളവരെക്കൂടി പ്രതിചേർത്തത്. 2023 ഡിസംബറിൽ പിണറായി വിജയൻ നയിച്ച നവകേരള സദസ്സിനിടെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഇപ്പോഴത്തെ എംഎൽഎ എ ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരെയാണ് ഉദ്യോഗസ്ഥർ മർദിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam