ബ്ലാക്ക് മാജിക്കോ? ഗൂഗിളിൽ തിരഞ്ഞത് മരണാനന്ത ജീവിതം; മൂവരുടെയും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

Published : Apr 02, 2024, 07:53 PM ISTUpdated : Apr 02, 2024, 08:24 PM IST
ബ്ലാക്ക് മാജിക്കോ? ഗൂഗിളിൽ തിരഞ്ഞത് മരണാനന്ത ജീവിതം; മൂവരുടെയും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

Synopsis

കോട്ടയം സ്വദേശി നവീൻ, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരുടെ നവമാധ്യമ ഇടപെടലുകൾ വിശദമായി പരിശോധിക്കുമെന്ന്  പൊലീസ് അറിയിച്ചു. വ്യാജ അക്കൗണ്ടിൽ ഇവരെ ബ്ലാക് മാജിക്കിനായി സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് സംശയം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെയും സുഹൃത്തുക്കളായ ദമ്പതികളെയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചവരുടെ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ നവമാധ്യമ ഇടപെടലുകൾ വിശദമായി പരിശോധിക്കുമെന്ന്  പൊലീസ് അറിയിച്ചു. വ്യാജ അക്കൗണ്ടിൽ ഇവരെ ബ്ലാക് മാജിക്കിനായി സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് സംശയം. മരണാനന്തര ജീവിതത്തിൽ മൂന്ന് പേരും വിശ്വസിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. മരിക്കാന്‍ അരുണാചൽ എന്ത് കൊണ്ട് തെരെഞ്ഞെടുത്തുവെന്നും പൊലീസ് അന്വേഷിക്കും.

അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഏറെയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഇറ്റാനഗറിലേക്ക് വട്ടിയൂക്കാവ് പൊലീസും ബന്ധുക്കൾക്കൊപ്പം പോകും. ദമ്പതിമാരുടെയും സുഹൃത്തിന്റെയും മരണകാരണം ബ്ലാക്ക് മാജിക്ക് ആണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനായിട്ടില്ലെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറയുന്നത്. എന്നാൽ മരണം അസ്വാഭാവികമായാണ് തോന്നുന്നത്. ആത്മഹത്യയെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്നും കമ്മീഷണർ പറ‍ഞ്ഞു. മരിക്കാന്‍ എന്ത് കൊണ്ട് അരുണാചൽ തെരഞ്ഞെടുത്തുവെന്ന് അന്വേഷിക്കുമെന്നും മൊബെൽ ഫോൺ അടക്കം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം മൂന്ന് പേരും ഇന്റര്‍നെറ്റിൽ തിരഞ്ഞതിന്‍റെ വിശദാംശങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്ന് പേരും ബ്ലാക്ക് മാജിക് വലയിൽ വീണുപോയതായി സംശയിക്കുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. 

ഇറ്റാനഗര്‍ പൊലീസ് വിളിച്ചറിയിക്കുമ്പോഴാണ് നാടിന് നടുക്കമുണ്ടാക്കിയ കൂട്ടമരണം ബന്ധുക്കളറിയുന്നത്. ഇറ്റാനഗറിന് സമീപത്തെ സിറോ എന്ന സ്ഥലത്ത് ഹോട്ടലിൽ മുറിയിലാണ് നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ‍കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. സന്തോഷത്തോടെ ജീവിച്ചു ഇനി പോകുകയാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരുടേയും ബന്ധുക്കളുടെ ഫോൺ നമ്പര്‍ മൃതദേഹത്തിന് സമീപത്ത് തന്നെ ഉണ്ടായിരുന്നു. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലൻ മാധവന്‍റെയും ക്രൈസ്റ്റ് നഗറിലെ അധ്യാപിക ലതയുടേയും ഏക മകളാണ് മരിച്ച ദേവി. ഭര്‍ത്താവ് നവീൻ തോമസ് കോട്ടയം മീനടം സ്വദേശിയും റിട്ടയേഡ് ഉദ്യോഗസ്ഥരായ എൻഎ തോമസിന്‍റെയും അന്ന തോമസിന്റെയും മകനുമാണ്. നഗരത്തിലെ ചെമ്പക സ്കൂളിലെ അധ്യാപികയാണ് മരിച്ച ആര്യ. മേലത്ത്മേല സ്വദേശി അനിൽകുമാറിന്‍റെ ഏകമകളാണ്. 

നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂര്‍കാവ് പൊലീസിന് കിട്ടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ആര്യയുടെ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ദേവിയുമായി നിരന്തരം സംസാരിച്ചിരുന്നെന്ന് മനസിലായി. ദേവിയെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ ദേവിയും ഭര്‍ത്താവ് നവീനും സമാന ദിവസങ്ങളിൽ സ്ഥലത്തില്ലെന്ന് മാത്രമല്ല അവര്‍ വിനോദയാത്രക്ക് പോയെന്നും ബന്ധുക്കളിൽ നിന്ന് വിവരം കിട്ടി. ഇതെ തുടര്‍ന്ന് പൊലീസും പിന്തുടര്‍ന്നു. ഗോഹാട്ടിയിലേക്ക് എടുത്ത വിമാന ടിക്കറ്റ് അന്വേഷണത്തിന് വഴിത്തിരിവായി. തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ പഠനകാലത്താണ് നവീനും ദേവിയും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ജര്‍മൻ ഭാഷ പഠിച്ച ദേവിയും ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന ആര്യയും ഒരേ സ്കൂളിൽ അധ്യാപകരായിരുന്നു. ദേവി സ്കൂൾ വിട്ട ശേഷവും സൗഹൃദം തുടര്‍ന്നു. തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം