
ദില്ലി: സംസ്ഥാന ധനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. കെ എൻ ബാലഗോപാൽ കേന്ദ്രത്തിന് നിവേദനം കൊടുക്കാൻ യുഡിഎഫ് എംപിമാരെ ക്ഷണിച്ചിട്ടില്ലെന്നും ഇടതുപക്ഷ രാജ്യസഭാംഗങ്ങൾക്ക് ഒപ്പമാണ് മന്ത്രി കേന്ദ്രത്തെ കാണാൻ പോകുന്നതെന്നും എന്നിട്ട് യുഡിഎഫ് എംപിമാരെ കുറ്റപ്പെടുത്തുന്നെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഞങ്ങളെ ക്ഷണിച്ചാൽ പോകുന്നതിന് യാതെരു തടസ്സവുമില്ലെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിചേർത്തു.
കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്ന് ധനമന്ത്രി ഇന്ന് ഉച്ചക്ക് അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന് കൂടി അരോപിച്ചായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഇത്തരം സന്ദഭങ്ങളിൽ എല്ലാവരും ഒരുമിച്ച് ശ്രമിച്ചില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അത്രയേറെ പ്രശ്നം ഉണ്ടെന്നുമുള്ള തരത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചിരുന്നു.
കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന അരോപണവുമായി കെ എൻ ബാലഗോപാൽ നേരത്തെ രംഗത്തെത്തിയിരുന്നു. നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണെന്നും എന്നാൽ, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് നൽകിയിരിക്കുന്നതെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്‍റ് ഇനത്തില്‍ 10000 കോടിയുടെ ക്കുറവ് ഉണ്ടായെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചിരുന്നു.