ഇടുക്കിയിൽ ലിഫ്റ്റ് തകർന്ന് സ്വർണവ്യാപാരിയുടെ മരണം; അസ്വാഭാവികമരണത്തിൽ പൊലീസ് അന്വേഷണം, കമ്പനിയും അന്വേഷിക്കും

Published : May 29, 2025, 12:34 PM ISTUpdated : May 29, 2025, 12:38 PM IST
ഇടുക്കിയിൽ ലിഫ്റ്റ് തകർന്ന് സ്വർണവ്യാപാരിയുടെ മരണം; അസ്വാഭാവികമരണത്തിൽ പൊലീസ് അന്വേഷണം, കമ്പനിയും അന്വേഷിക്കും

Synopsis

കട്ടപ്പന പുളിയൻമല റോഡിലുള്ള ആറ് നിലക്കെട്ടിടത്തിന്റെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയാണ് അദ്ദേഹം മരിച്ചത്. ഈ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന പവിത്രം ​ഗോൾഡ് എന്ന ജ്വല്ലറിയുടെ  മാനോജിം​ഗ് പാർട്ണറാണ് സണ്ണി ഫ്രാൻസിസ്.

ഇടുക്കി: കട്ടപ്പനയിൽ സ്വർണവ്യാപാരിയായ സണ്ണി ഫ്രാൻസിസ് ലിഫ്റ്റ് തകർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം. ഇന്നലെ ഉച്ചക്കാണ് അപകടമുണ്ടായത്. കട്ടപ്പന പുളിയൻമല റോഡിലുള്ള ആറ് നിലക്കെട്ടിടത്തിന്റെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയാണ് അദ്ദേഹം മരിച്ചത്. ഈ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന പവിത്രം ​ഗോൾഡ് എന്ന ജ്വല്ലറിയുടെ  മാനേജിം​ഗ് പാർട്ണറാണ് സണ്ണി ഫ്രാൻസിസ്.

കെട്ടിടത്തിലെ ലിഫ്റ്റിൽ കയറി മുകളിലേക്ക് പോയി, തിരികെ താഴേക്കിറങ്ങി വരികയായിരുന്നു. ഇടയ്ക്ക് വെച്ച് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചു. ഉടൻ തന്നെ സാങ്കേതിക വിദ​ഗ്ധരുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശമനുസരിച്ച് ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു. ആ സമയത്ത് ലിഫ്റ്റ് അതിവേ​ഗത്തിൽ മുകളിലേക്ക് ഉയർന്നു പോകുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന സണ്ണിയുടെ തല മുകളിലിടിച്ച് പരിക്കേറ്റു. തുടർന്ന് ലിഫ്റ്റ് മൂന്നാമത്തെയും നാലാമത്തെയും നിലകൾക്കിടയിൽ‌ നിശ്ചലമായി. ഫയർഫോഴ്സെത്തി ലിഫ്റ്റ് വെട്ടിപ്പൊളിച്ചാണ് സണ്ണി ഫ്രാൻസിസിനെ പുറത്തെടുത്തത്. 

തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. അപ്പോൾത്തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. കോൺ എലവേറ്റേഴ്സ് എന്ന കമ്പനിയുടെ ലിഫ്റ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സാധാരണ ​ഗതിയിലുള്ള മെയിന്റനൻസ് നടത്തിയിരുന്നു എന്ന് കമ്പനി അധികൃതർ പറയുന്നു. ലിഫ്റ്റ് ഇത്തരത്തിൽ നിശ്ചലമായാൽ തൊട്ടടുത്ത നിലയിലെത്തി ഓട്ടോമാറ്റിക്കായി വാതിൽ തുറക്കേണ്ടതാണ്. ലിഫ്റ്റിനുണ്ടായ സാങ്കേതിക പ്രശ്നം എന്താണെന്ന് പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു. 

കട്ടപ്പന പൊലീസും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സണ്ണിയുടെ മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തും. അതിന് ശേഷം നാളെയായിരിക്കും സംസ്കാരം നടത്തുക. 

PREV
Read more Articles on
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും