സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

By Web TeamFirst Published Nov 29, 2019, 2:33 PM IST
Highlights

സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അധികാര പരിധിക്കപ്പുറം പ്രവര്‍ത്തിച്ചുവെന്ന് മനസ്സിലാക്കി സ്വയം തിരുത്തി. പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ഗവര്‍ണര്‍.  

തിരുവനന്തപുരം: എം ജി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അധികാര പരിധിക്കപ്പുറം പ്രവര്‍ത്തിച്ചുവെന്ന് മനസ്സിലാക്കി സ്വയം തിരുത്തിയെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാലയില്‍ മാര്‍ക്ക് ദാനം തിരുത്തിയത് അറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

എംജി സര്‍വ്വകലാശാലയില്‍ 2019 ഏപ്രില്‍ 30ന് കൂടിയ സിന്‍ഡിക്കേറ്റാണ് ബിടെക് കോഴ്സിന് അഞ്ച് മാര്‍ക്ക് പ്രത്യേക മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. സംഭവം വിവാദമായതോടെ മേയ് 17ന് സിന്‍ഡിക്കേറ്റ് കൂടി മാര്‍ക്ക് ദാനം പിന്‍വലിക്കുകയും ചെയ്തു. 

വിവാദമായ മാര്‍ക്ക് ദാനം റദ്ദാക്കി ഒരു മാസം പിന്നിട്ടിട്ടും സര്‍വ്വകലാശാല തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അനധികൃതമായി മാര്‍ക്ക് നേടി ജയിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെയും തിരികെ വാങ്ങിയിട്ടില്ലെന്നാണ് വിവരം.

Read Also: എം ജി മാർക്ക് ദാനം: നടപടി പിൻവലിച്ചിട്ടും സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങിയില്ല

എം ജി സര്‍വ്വകലാശാല മോഡറേഷന്‍ വിവാദം, കേരള സര്‍വ്വകലാശാല പരീക്ഷാ തട്ടിപ്പ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സര്‍വ്വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുന്ന സമീപനമുണ്ടാകരുതെന്നാണ് വൈസ് ചാന്‍സിലര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. 

Read Also: സർവ്വകലാശാലയുടെ വിശ്വാസ്യത തകർക്കുന്ന സമീപനമുണ്ടാകരുത്; മാർക്ക് ദാന വിവാദത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

click me!