Asianet News MalayalamAsianet News Malayalam

എം ജി മാർക്ക് ദാനം: നടപടി പിൻവലിച്ചിട്ടും സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങിയില്ല

പ്രത്യേക മോഡറേഷൻ നല്‍കിയത് പിൻവലിക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മെമ്മോ ലഭിച്ചാല്‍ നടപടികള്‍ ആരംഭിക്കും.

mg university mark controversy governor yet to officiate syndicate decision
Author
Kottayam, First Published Nov 24, 2019, 9:30 AM IST

കോട്ടയം: എംജിയില്‍ വിവാദമായ മാര്‍ക്ക്ദാനം റദ്ദാക്കി ഒരു മാസമായിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാതെ സര്‍വകലാശാല. അനധികൃതമായി മാര്‍ക്ക് നേടി ജയിച്ച വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെയും തിരികെ വാങ്ങിയിട്ടില്ല. മാര്‍ക്ക്ദാനം റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനം ചാൻസിലര്‍ കൂടിയായ ഗവര്‍ണ്ണറും അംഗീകിരിച്ചിട്ടില്ല.

2019 ഏപ്രില്‍ 30ന് കൂടിയ സിൻഡിക്കേറ്റാണ് ബിടെക് കോഴ്സിന് അഞ്ച് മാര്‍ക്ക് പ്രത്യേക മോഡറേഷൻ നല്‍കാൻ തീരുമാനിച്ചത്. വലിയ വിവാദമായതോടെ മേയ് 17 ന് കൂടിയ സിൻഡിക്കേറ്റ് മാര്‍ക്ക് ദാന നടപടി പിൻവലിച്ചു. 69 പേരാണ് മാര്‍ക്ക് ദാനം വഴി ജയിച്ച് എംജിയില്‍ നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചത്. 

ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങിയാലേ സാങ്കേതികമായി മാര്‍ക്ക് ദാനം റദ്ദാകൂ. സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെങ്കില്‍ പ്രസ്തുത വിദ്യാര്‍ത്ഥിക്ക് പ്രത്യേക മെമ്മോ നല്‍കണം. അവരെ വിളിച്ച് വരുത്തി കാരണം ബോധിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങണം. പക്ഷേ ഇതിനുള്ള ഒരു നടപടിയും എംജി സര്‍വകലാശാല തുടങ്ങിയിട്ടില്ല.അതായത് പ്രത്യേക മോഡറേഷൻ ഇപ്പോഴും നിലനില്‍ക്കുന്നു എന്നര്‍ത്ഥം.

ഇനിയുമുണ്ട് മോഡറേഷൻ റദ്ദാക്കിയതിലെ നിയമപ്രശ്നം. എംജി സര്‍വകലാശാല നിയമം അനുസരിച്ച് ബിരുദം റദ്ദാക്കാണമെങ്കില്‍ അക്കാഡമിക് കൗണ്‍സില്‍ വിളിക്കണം. അക്കാഡമിക് കൗണ്‍സിലിന്‍റെ നിര്‍ദേശത്തോടെ സിൻഡിക്കേറ്റ് അംഗീകരിച്ച് ചാൻസിലര്‍ ഒപ്പിട്ടാലേ ഒരു തീരുമാനം റദ്ദാകൂ. പക്ഷേ ഈ നടപടി ക്രമങ്ങള്‍ പാലിക്കാതെ മാര്‍ക്ക്ദാനം സിൻഡിക്കേറ്റ് ഒറ്റയടിക്ക് റദ്ദാക്കിയത് കാരണം ഗവര്‍ണ്ണര്‍ ഇത് അംഗീകരിച്ചിട്ടില്ല.

പ്രത്യേക മോഡറേഷൻ നല്‍കിയത് പിൻവലിക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മെമ്മോ ലഭിച്ചാല്‍ നടപടികള്‍ ആരംഭിക്കും.

Follow Us:
Download App:
  • android
  • ios