
ദില്ലി: ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഗവേഷണം നടത്തുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. സിൽവർ ലൈനിൽ സർക്കാർ ജനവികാരം മാനിക്കുന്നില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈനിൽ കല്ലിടുന്നതിൽ മന്ത്രി സജി ചെറിയാന് എന്ത് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട മന്ത്രി തന്നെ നാല് സെൻറ് ഭൂമി ഉള്ളവരുടെ അടുപ്പിൽ കല്ല് ഇടുന്നത് നീതി നിഷേധമാണ്. മന്ത്രി സ്ഥാനത്തിരിക്കാൻ സജി ചെറിയാന് യോഗ്യതയില്ലെന്ന് തെളിയിച്ചു. ആളുകളെ ഭീഷണിപ്പെടുത്തി കല്ലിടാൻ മന്ത്രിതന്നെ നേതൃത്വം നൽകുന്നത് അധാർമികമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിൽവർ ലൈനിനെതിരെ യു ഡി എഫ് സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ജനവികാരം മാനിക്കാതെ മുന്നോട്ടുപോവുകയാണെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകും. കോടതി ഉത്തരവ് പ്രതിപക്ഷത്തിന് തിരിച്ചടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ബസ് ടാക്സി ചാർജ് വർധന ജനങ്ങളുടെ തലയിൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ്. സർക്കാർ നികുതി ഭാരം കുറക്കണം. വാരിയൻ കുന്നൻ വിവാദത്തിലൂടെ ചരിത്രത്തെ തമസ്കരിക്കാനാണ് കേന്ദ്ര സർക്കാരും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.