Kerala Police stop Swedish national : മദ്യവുമായെത്തിയ വിദേശിയെ തടഞ്ഞ സംഭവം; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

By Web TeamFirst Published Jan 1, 2022, 12:03 PM IST
Highlights

കോവളം സ്റ്റേഷനിലെ ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവനന്തപുരം: കോവളത്ത് (Kovalam) മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ (Swedish Citizen) പൊലീസ് തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. കോവളം സ്റ്റേഷനിലെ ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നും പരിശോധിക്കും.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി സംഭവം അന്വേഷിക്കും. ന്യൂയര്‍ ആഘോഷത്തിന് മദ്യവുമായി പോയ സ്റ്റീഫന്‍ ആസ് ബര്‍ഗിനെ ഇന്നലെയാണ് കേരള പൊലീസ് തടഞ്ഞത്. സ്റ്റീഫന്‍റെ സ്‌കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീഫന്‍ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീഫനോട് പറഞ്ഞു.

ഇതോടെ സഹികെട്ട് സ്റ്റീഫന്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു. എന്നാല്‍ ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ മദ്യം കളയണ്ട ബില്‍ വാങ്ങിവന്നാല്‍ മതിയെന്നായി പൊലീസ്. പിന്നാലെ നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി സ്റ്റീഫന്‍ ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി.

പിന്നാലെ കേരള പൊലീസിൽ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീഫന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് കുപ്പി മദ്യം തന്‍റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാൽ പൊലീസ് മദ്യം കൊണ്ടുപോകാൻ അനുവദിച്ചില്ല. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകൾ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊണ്ടുകൊടുത്തതെന്നും സ്റ്റീഫന്‍ ആസ് ബർഗ് പറഞ്ഞു. നാലുവർഷമായി കേരളത്തിൽ ടൂറിസം രംഗത്ത് താന്‍ പ്രവർത്തിക്കുകയാണ്. എന്നാല്‍, നാട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും നിരന്തരം പ്രശ്നങ്ങളാണ് നേരിടുന്നതെന്നും സ്റ്റീഫന്‍ വിശദീകരിച്ചു. 

സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവിച്ചത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കും. ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണം. സർക്കാരിന് അള്ള് വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങൾ ടൂറിസത്തിന് തിരിച്ചടിയാകുമെന്നും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.

click me!