Asianet News MalayalamAsianet News Malayalam

കോവളം സംഭവം: ദൗർഭാഗ്യകരം, ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ടൂറിസം മന്ത്രി

സർക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങൾ ടൂറിസത്തിന് തിരിച്ചടിയാക്കുമെന്നും മുഹമ്മദ് റിയാസ്.

touism minister mohammed riyas about Kovalam swedish citizen issue
Author
Thiruvananthapuram, First Published Jan 1, 2022, 10:42 AM IST

തിരുവനന്തപുരം: കോവളത്ത് (Kovalam) വിദേശിയെ പൊലീസ് അധിക്ഷേപിച്ച സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് (Mohammed Riyas). സംഭവിച്ചത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണം. സർക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങൾ ടൂറിസത്തിന് തിരിച്ചടിയാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവളത്ത് മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവം വിവാദമായതോടെ തിരുവനന്തപുരം ഡിസിപി റിപ്പോർട്ട് തേടി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി സംഭവം അന്വേഷിക്കും. ഇന്നലെയാണ് ന്യൂയര്‍ ആഘോഷത്തിനായി മദ്യവുമായി പോയ സ്റ്റീവ് ആസ് ബര്‍ഗിനെ കേരള പൊലീസ് തടഞ്ഞത്. സ്റ്റീവിന്‍റെ സ്‌കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല.

കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീവിനോട് പറഞ്ഞു. ഇതോടെ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു. എന്നാല്‍ ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ മദ്യം കളയണ്ട ബില്‍ വാങ്ങിവന്നാല്‍ മതിയെന്നായി പൊലീസ്. പിന്നാലെ നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി സ്റ്റീവ് ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി.

പിന്നാലെ കേരള പൊലീസിൽ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് കുപ്പി മദ്യം തന്‍റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാൽ പൊലീസ് മദ്യം കൊണ്ടുപോകാൻ അനുവദിച്ചില്ല. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകൾ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊണ്ടുകൊടുത്തതെന്നും സ്റ്റീവ് ആസ് ബർഗ് പറഞ്ഞു. നാലുവർഷമായി കേരളത്തിൽ ടൂറിസം രംഗത്ത് താന്‍ പ്രവർത്തിക്കുകയാണ്. എന്നാല്‍ നാട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും നിരന്തരം പ്രശ്നങ്ങളാണ് നേരിടുന്നതെന്നും സ്റ്റീവ് വിശദീകരിച്ചു. 

Follow Us:
Download App:
  • android
  • ios