ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു. കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീവിനോട് പറഞ്ഞു. 

തിരുവനന്തപുരം: കോവളത്ത് (Kovalam)പൊലീസിന്റെ (Kerala Police) മദ്യ പരിശോധനയില്‍ സ്വീഡിഷ് പൗരന്റെ വ്യത്യസ്ത പ്രതിഷേധം. സ്വീഡിഷ് സ്വദേശി സ്റ്റീവാണ് (steve) തന്റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പി മദ്യം (Liquor) റോഡിന് സമീപം ഒഴിച്ച് കളഞ്ഞ് പ്രതിഷേധിച്ചത്. ന്യൂ ഇയറിന് മിന്നിക്കാന്‍ മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്നു സ്റ്റീവിനെ പൊലീസ് തടഞ്ഞു. സ്റ്റീവിന്റെ സ്‌കൂട്ടറില്‍നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം പൊലീസ് കണ്ടെത്തി. മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ പൊലീസ് സ്റ്റീവിനോട് ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു.

കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീവിനോട് പറഞ്ഞു. എന്നാല്‍, കുപ്പി കളയതെ മദ്യം മാത്രം അദ്ദേഹം ഒഴിച്ചു കളഞ്ഞു. ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ ബില്‍ വാങ്ങിവന്നാല്‍ മതി മദ്യം കളയണ്ടെന്നായി പൊലീസ്. എന്നാല്‍ മദ്യം പൊട്ടിച്ച് കളഞ്ഞെങ്കിലും പ്ലാസ്റ്റിക് കുപ്പി സ്റ്റീവ് ബാഗില്‍ സൂക്ഷിച്ച് സ്റ്റീവ് തന്റെ പൗരബോധം പ്രകടിപ്പിച്ചു. നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി. പൊലീസിനോട് ഒരു പരാതിയുമില്ലെന്ന് സ്റ്റീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം ഒരു തമാശ. രണ്ട് ഫുള്ള് പോയിക്കിട്ടിയതില്‍ ചെറിയൊരു സങ്കടം മാത്രമാണുള്ളതെന്നും സ്റ്റീവ് പറഞ്ഞു. സംഭവം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.