ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ധനസഹായം 2026ലും തുടരുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. സഹായം നിലയ്ക്കുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും, ദുരന്തബാധിതരായ 656 കുടുംബങ്ങള്‍ക്ക് ഇതുവരെ 15.64 കോടി രൂപ വിതരണം ചെയ്തതായും മന്ത്രി
തൃശ്ശൂര്‍ : വയനാട്ടിലെ ചൂരല്‍മലയില്‍ 2024 ജൂലൈ 30 ന് ഉണ്ടായ ദുരന്തത്തെ തുടര്‍ന്നുണ്ടായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അതിവേഗം കേരളത്തിലെ ഗവണ്‍മെന്റ് എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ടുപോകുകയാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടര്‍ന്നും നല്‍കും 2026 എന്ന പുതിയ വര്‍ഷത്തെ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ജനുവരി മാസത്തില്‍തന്നെ പുറത്തിറക്കും എന്നുള്ളതുകൊണ്ട് അക്കാര്യത്തില്‍ അനാവശ്യമായിട്ടുള്ള ഒരാശങ്കയും ദുരന്തബാധിതര്‍ക്ക് ഉണ്ടാകേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോള്‍ തെറ്റായ രീതിയില്‍ ഇവിടെ ജീവനോപാധി എന്ന വിധത്തില്‍ ചൂരല്‍മലയിലെ ദുരന്തബാധിതരായവര്‍ക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദിവസം 300 രൂപ വീതമുള്ള സഹായം ഡിസംബര്‍ മാസത്തോടുകൂടി അവസാനിച്ചു, ഇനി ലഭ്യമാകാന്‍ പോകുന്നില്ല എന്നുള്ള വലിയ ആശങ്കകള്‍ പൊതു സമൂഹത്തിനകത്ത് പ്രചരിപ്പിക്കാനുള്ള ചില ബോധപൂര്‍വ്വമായ ചില ശ്രമങ്ങള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. ദുരന്തം നടന്നതിനുശേഷം 12 മാസക്കാലം മൂന്നു ഘട്ടങ്ങളിലായി ദുരന്തബാധിതരായ 656 കുടുംബങ്ങളിലെ 1185 ആളുകള്‍ക്ക് കഴിഞ്ഞ ഡിസംബര്‍ വരെ ധനസഹായം നല്‍കിയിട്ടുണ്ട്. 2025 വരെയായിരുന്നു ധനസഹായത്തിനുള്ള ആദ്യത്തെ ഉത്തരവിറക്കിയത്. ഈ ഇനത്തില്‍മാത്രം ഇതുവരെ 15,64,10,000 രൂപ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യഥാര്‍ത്ഥത്തില്‍ ചൂരല്‍മലയില്‍ മാത്രമല്ല ഒരു ദുരന്തമുണ്ടായാല്‍ ആ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ എസ്.ഡി.ആര്‍.എഫിന്റെ പണം ഉപയോഗിച്ചുകൊണ്ട് പ്രാഥമികമായി മൂന്നുമാസം വരെ ജീവനോപാധികള്‍ തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഒരു കുടുംബത്തിലെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ക്ക് 300 രൂപ വീതം നല്‍കാവുന്ന വിധത്തിലുള്ള സഹായത്തിലാണ് ജൂലൈ 30 ന് ദുരന്തമുണ്ടായ ഉടനെ ആഗസ്റ്റ് മാസം മുതല്‍ നല്‍കിയത്. പിന്നീട് മൂന്നുമാസത്തേക്കുകൂടി വര്‍ദ്ധിപ്പിച്ചു. വീണ്ടും ജീവനോപാധി ഒരു ജോലി ലഭ്യമാകുന്നതുവരെ കൊടുക്കണം എന്നുള്ളതുകൊണ്ട് പ്രയാസം അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി ആദ്യം ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നല്‍കി എങ്കിലും പിന്നീട് അര്‍ഹരായവരെ കണ്ടെത്തി അത്തരം ആളുകള്‍ക്ക് കഴിഞ്ഞ 2025 ഡിസംബര്‍ വരെ കൃത്യമായി ജീവനോപാധി 9000 രൂപ വീതം നല്‍കിയതായും മന്ത്രി പറഞ്ഞു.


