'നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണം': ഹൈക്കോടതി

Published : Aug 26, 2022, 03:20 PM ISTUpdated : Aug 29, 2022, 08:15 PM IST
'നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണം': ഹൈക്കോടതി

Synopsis

അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. 

കൊച്ചി: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. 

ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്കും പ്രാർഥനാ ഹാളുകൾക്കും അനുമതി നൽകാവൂ എന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വാണിജ്യാവശ്യത്തിനായി നിർമ്മിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്ന ഹർജി തള്ളി കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം, കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കണം, അപൂർവങ്ങളിൽ അപൂർവ്വം കേസുകളിൽ മാത്രമേ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം കേസുകളിൽ അനുമതി നൽകാവൂയെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടം ആരാധനാലയം ആക്കി മാറ്റാനുള്ള മലപ്പുറം നൂറുൽ ഇസ്ലാം സാംസ്കാരിക സംഘത്തിന്‍റെ  അപേക്ഷ ജില്ലാ കളക്ടർ തള്ളിയതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കെട്ടിടത്തിന്‍റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 36 സമാന ആരാധനാലയങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ കളക്ടറുടെ നടപടി.

Also Read: ദളിത്-സ്ത്രീ ചിന്തക രേഖാ രാജിന്‍റെ അസി. പ്രൊഫസര്‍ നിയമനം റദ്ദാക്കി,പകരം നിഷ വേലപ്പനെ നിയമിക്കണമെന്ന് ഹൈക്കോടതി

'ലൈംഗിക ദുരുപയോഗം തടയാന്‍ സ്കൂൾ പാഠ്യപദ്ധതിയിൽ ബോധവൽക്കരണം ഉൾപ്പെടുത്തണം': ഹൈക്കോടതി

ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന സുപ്രധാന ഉത്തരവും ഇന്ന് ഹൈക്കോടതി ഇറക്കി. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നല്‍കി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെതാണ് സുപ്രധാന ഉത്തരവ്.

വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച്  പദ്ധതി തയ്യാറാക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. രണ്ട് മാസത്തിനുള്ളിൽ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുമ്പോൾ ഇത് മാർഗ്ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം