Asianet News MalayalamAsianet News Malayalam

ദളിത്-സ്ത്രീ ചിന്തക രേഖാ രാജിന്‍റെ അസി. പ്രൊഫസര്‍ നിയമനം റദ്ദാക്കി,പകരം നിഷ വേലപ്പനെ നിയമിക്കണമെന്ന് ഹൈക്കോടതി

ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്‍റ് പ്രൊഫസറായുള്ള രേഖ രാജിന്‍റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.

High Court canceled  Rekha Raj s MG University Assistant professor appointment
Author
First Published Aug 26, 2022, 5:58 PM IST

കൊച്ചി: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായുള്ള പ്രശസ്ത ദളിത് - സ്ത്രീ ആക്റ്റിവിസ്റ്റ് രേഖ രാജിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്‍റ് പ്രൊഫസറായുള്ള രേഖ രാജിന്‍റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. പി എച്ച് ഡിയുടെ മാർക്ക് തനിക്ക് നൽകിയില്ലെന്നും, റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖ രാജിന് നൽകി എന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. 

പി എച്ച് ഡിയ്ക്ക് ലഭിക്കേണ്ട ആറുമാർക്ക് സെലക്ഷൻ കമ്മിറ്റി നിഷ വേലപ്പൻ നായർക്ക് കണക്കാക്കിയിരുന്നില്ല. റിസർച്ച് പേപ്പറുകൾക്ക് എട്ടുമാർക്കാണ് രേഖാ രാജിന് നൽകിയത്. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ പരിശോധിച്ച കോടതി മൂന്നു മാർക്കിന് മാത്രമേ രേഖ രാജിേന് യോഗ്യത ഉളളുവെന്ന് കണ്ടെത്തി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ്  ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. രേഖാ രാജിന് പകരം നിഷ വേലപ്പൻ നായരെ നിയമിക്കാനും കോടതി ഉത്തരവിട്ടു. 

'മുഖ്യമന്ത്രിക്ക് ഏത് സമയത്തും രാജ് ഭവനിലേക്ക് സ്വാഗതം,ആശയ വിനിമയത്തിനു തയ്യാർ' ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന സര്‍ക്കാരിനും കണ്ണൂര്‍ വിസിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ യജമാനന്മാരുടെ താല്പര്യം സംരക്ഷിക്കാൻ ആണ് വിസിയുടെ ശ്രമമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്നടിച്ചു.വി സിക്ക് നിയമം പ്രധാനം അല്ല. വിസി 'പാർട്ടി കേഡർ' എന്ന് ഗവർണ്ണർ ആവർത്തിച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി  നിയമിക്കാനുള്ള നീക്കം ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ പറഞ്ഞു. പ്രഥമ ദൃഷ്ട്യ പരാതി നില നില്‍ക്കുന്നത് കൊണ്ടാണ് സ്റ്റേ ചെയ്തത്. എല്ലാവരെയും നേരിട്ട് വിളിപ്പിക്കും. അതിനു ശേഷം നടപടി ഉണ്ടാകും. പ്രിയ വർഗീസിനെ അഭിമുഖത്തിന് വിളിക്കാൻ പോലും യോഗ്യത ഇല്ല. റെഗുലേഷൻ അനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ല.

കണ്ണൂർ വിസി നിയമനത്തിന്  സെർച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ട പ്രകാരമാണ്. മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിൽ എത്തി വിസി ക്ക് പുനർ നിയമനം ആവശ്യപ്പെട്ടു. പാനൽ വരട്ടെ പരിഗണിക്കാം എന്ന് മറുപടി നല്‍കി. വെയിറ്റെജ് നൽകാം എന്ന് പറഞ്ഞു. സെർച് കമ്മിറ്റി റദ്ദാക്കാമെന്ന് എജി ഉപദേശം നല്കി. സർക്കാരുമായി നല്ല ബന്ധം തുടരാൻ അന്ന് ആഗ്രഹിച്ചു. കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടത് മുതൽ ആണ് ചാൻസലര്‍ ആയി തുടരേണ്ടെന്നു തീരുമാനിച്ചത്. സർക്കാർ ഇടപെടൽ ഇനി ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതോടെ ആണ് തീരുമാനം മാറ്റിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേരള വി സി നിയമനത്തിന്  സെർച് കമ്മിറ്റി ഉണ്ടാക്കിയത് നിയമ പ്രകാരമാണ്. സേർച്ച്‌ കമ്മിറ്റിയിലേക്ക് നോമിനിയെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും കേരള സര്‍വ്വകലാശാല നൽകിയില്ല. സര്‍വ്വകലാശാല നിയമഭേദഗതിയടക്കം  ബില്ലുകൾ പാസക്കാൻ സഭക്ക് അധികാരം ഉണ്ട്. പക്ഷേ ബിൽ ഭരണ ഘടനാ വിരുദ്ധം അല്ലെന്ന് ഉറപ്പാക്കാൻ ഉള്ള ബാധ്യത ഗവർണ്ണർക്ക് ഉണ്ട്. മുഖ്യമന്ത്രിക്ക് ഏത് സമയത്തും രാജ് ഭവനിലേക്ക് സ്വാഗതം.ആശയ വിനിമയത്തിനു തയ്യാറെന്നും ഗവര്‍ണര്‍ പറഞ്ഞു
 

.

Follow Us:
Download App:
  • android
  • ios