
അടിമാലി: ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാല്‍നടയാത്രികനായ വയോധികന് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലി റോഡില്‍ കാരിക്കണ്ടം സ്വദേശി പൗലോസ് (70) ആണ് മരിച്ചത്. കൊച്ചി-ധനുഷ്‌കോടി 85 ദേശീയപാതയില്‍ നേര്യമംഗലം പാലത്തിനു സമീപം കാഞ്ഞിരവേലി ജംഗ്ഷനിലാണ് സംഭവം. ദേശീയ പാതയില്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കാല്‍നട യാത്രക്കാരന്‍റെ ദേഹത്ത് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പണി നടക്കുന്ന നേര്യമംഗലം പാലത്തിന് സമീപം അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം സംഭവിച്ചത്. അമിത വേഗത്തില്‍ എത്തിയ പിക്കപ് വാന്‍, റോങ് സൈഡ് കയറി, റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ച ശേഷം, സമീപം ഉണ്ടായിരുന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ ബോര്‍ഡും തകര്‍ത്ത് ഒരു വൈദ്യുത പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൗലോസിനെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും. മരണം സംഭവിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. അടിമാലി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സ്വകാര്യ മേഖലയില്‍ അധ്യാപകനായിരുന്നു പൗലോസ്.