Asianet News MalayalamAsianet News Malayalam

പ്രകോപനവുമായി നേപ്പാൾ, ഇന്ത്യൻ അധീനമേഖല ചേർത്തുള്ള വിവാദഭൂപടം പാർലമെന്‍റ് പാസ്സാക്കി

ഈ മാസം ആദ്യവാരം, ഇന്ത്യയുടെ അധീനതയിലുള്ള ഭൂപ്രദേശം കൂടിച്ചേർത്തുള്ള ഭൂപടത്തിന് നേപ്പാൾ ഭരണകക്ഷി അനുമതി നൽകിയിരുന്നു. ഇതിനെതിരെ ശക്തമായ വിമർശനമാണ് ഇന്ത്യ ഉന്നയിച്ചത്. ചരിത്രബോധമില്ലാത്ത, ഏകപക്ഷീയമായ തീരുമാനമെന്നാണ് വിദേശകാര്യമന്ത്രാലയം നേപ്പാളിന്‍റെ നടപടിയെ വിശേഷിപ്പിച്ചത്.

nepal upper parliament passes new map which includes indian territory
Author
Kathmandu, First Published Jun 18, 2020, 1:42 PM IST

കാഠ്മണ്ഡു: ഇന്ത്യൻ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ കൂടി ചേർത്ത് നേപ്പാളിന് ഇനി പുതിയ ഭൂപടം. ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഇന്ത്യയുടെ അധീനതയിലുള്ള ചില പർവതങ്ങൾ കൂടി ചേർത്താണ് നേപ്പാൾ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. പുതിയ ഭൂപടം നേപ്പാൾ ഉപരിസഭയും ഏകകണ്ഠമായി പാസ്സാക്കി. അതിർത്തിയിൽ ഇന്ത്യ - ചൈന സംഘർഷം അതീവസങ്കീർണ്ണമായി നിലനിൽക്കുമ്പോഴാണ് നേപ്പാളിന്‍റെ ഈ പ്രകോപനം എന്നതാണ് ശ്രദ്ധേയം. പുതിയ ഭൂപടം അനുസരിച്ച് കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകൾ നേപ്പാളിന്‍റേതാണെന്നാണ് അവകാശവാദം.

നേപ്പാളിലെ ഭരണകക്ഷി ഈ മാസം ആദ്യവാരം ഈ ഭൂപടത്തിന് അംഗീകാരം നൽകിയിരുന്നു. ഒരു ഭരണഘടനാഭേദഗതി ബില്ലിലൂടെയാണ് ഈ പർവതമേഖലയെ നേപ്പാൾ സ്വന്തം ഭൂപടത്തോട് കൂട്ടിച്ചേർത്തിരിക്കുന്നത്. പ്രതിപക്ഷകക്ഷിയായ നേപ്പാളി കോൺഗ്രസ് അടക്കം പിന്തുണച്ച ബില്ല്, അതുകൊണ്ടുതന്നെ പാർലമെന്‍റിൽ വളരെ എളുപ്പം പാസ്സാക്കുകയും ചെയ്തു. 

ഭരണത്തിലുള്ള ഇടത് പാർട്ടി പ്രത്യക്ഷത്തിൽ ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കാലാപാനിയുൾപ്പടെ ഇന്ത്യൻ സൈന്യം നിർണായകമായി കണക്കാക്കുന്ന മേഖലകൾ അടക്കം സ്വന്തം അതിർത്തിയ്ക്കുള്ളിലേക്ക് മാറ്റിവരച്ചിരിക്കുകയാണ് നേപ്പാൾ. ഈ നീക്കത്തിന് പിന്നിൽ ചൈനയാണെന്ന ആരോപണം ശക്തമായി ഉയരാൻ എല്ലാ സാധ്യതകളുമുണ്ട്.  

നേപ്പാളിൽ സാധാരണ ഒരു മാസത്തോളം നീണ്ട പ്രകിയയിലൂടെ മാത്രമേ ഒരു ഭരണഘടനാ ഭേദഗതി പാസ്സാക്കാനാകൂ. എന്നാലിത്തവണ, ജനവികാരം കണക്കിലെടുത്ത് ചില നടപടിക്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു നേപ്പാൾ സർക്കാർ എന്നാണ് വിശദീകരണം. 

ഇന്ത്യയുടെ അധീനതയിലുള്ള ഭൂപ്രദേശം കൂടിച്ചേർത്തുള്ള ഭൂപടത്തിന് നേപ്പാൾ ഭരണകക്ഷി അനുമതി നൽകിയപ്പോൾത്തന്നെ ഇതിനെതിരെ ശക്തമായ വിമർശനമാണ് ഇന്ത്യ ഉന്നയിച്ചത്. ചരിത്രബോധമില്ലാത്ത, ഏകപക്ഷീയമായ തീരുമാനമെന്നാണ് വിദേശകാര്യമന്ത്രാലയം നേപ്പാളിന്‍റെ നടപടിയെ വിശേഷിപ്പിച്ചത്.

''ഇത്തരം കൃത്രിമമായ ഭൂപടത്തിന്‍റെ വിപുലീകരണം അംഗീകരിക്കാനാകില്ല'', എന്ന് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ''അതിർത്തിപ്രദേശങ്ങളെക്കുറിച്ച് ഇന്ത്യയുടെ നിലപാട് സുവ്യക്തമാണ്. ഇത്തരത്തിൽ നീതീകരിക്കാനാകാത്ത ഭൂപടവിപുലീകരണത്തിൽ നിന്ന് നേപ്പാൾ പിൻമാറണം. ഇന്ത്യയുടെ അതിർത്തിനിർണയങ്ങളെ മാനിക്കണം'', എന്നും അനുരാഗ് ശ്രീവാസ്തവ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ- നേപ്പാൾ- ചൈന അതിർത്തിയിൽ ഉള്ള മേഖലകൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം തങ്ങളുടേതാണെന്നാണ് നേപ്പാൾ അവകാശപ്പെടുന്നത്. കാളി നദിയുടെ കിഴക്ക് ഭാഗത്ത്, നേപ്പാൾ അതിർത്തിയിലെ മേഖലയാണ് സ്വന്തം അതിർത്തിക്ക് ഉള്ളിലേക്ക് നേപ്പാൾ കൂട്ടിച്ചേർക്കുന്നത്. ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരവും ഇതിൽ പെടും. 1962-ൽ ചൈനയുമായുണ്ടായ യുദ്ധത്തിന് ശേഷം, ഇന്ത്യൻ സൈന്യം നിർണായകമേഖലകളായി കണക്കാക്കുന്നവാണ് ലിംപിയധുര, കാലാപാനി എന്നീ മേഖലകൾ. ഇവയും പുതിയ ഭൂപടമനുസരിച്ച് നേപ്പാൾ അതിർത്തിയ്ക്ക് അകത്താണ് എന്നതാണ് ശ്രദ്ധേയം.

ലിപുലേഖ് ചുരവും കൈലാസ് മാനസരോവറിലേക്കുള്ള വഴിയും ചേർത്ത് ഇന്ത്യ പുതിയ റോഡ് നിർമ്മിച്ചതോടെയാണ് വിവാദങ്ങൾക്കും തുടക്കമാകുന്നത്. നേപ്പാൾ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഈ റോഡിൽ ഒരു സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുമെന്ന് നേപ്പാൾ വ്യക്തമാക്കി. ഇന്ത്യ ഇതിനെ നിരുപാധികം തള്ളിക്കളഞ്ഞു. റോഡ് പൂർണമായും ഇന്ത്യയുടെ അതിർത്തിയ്ക്ക് അകത്താണെന്നായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്.

ഈ മാസം ആദ്യവാരം, ഇന്ത്യൻ അതിർത്തി വഴി വരുന്നവരിൽ കൊവിഡ് പടരുന്നു എന്ന് പറയുന്നതിനൊപ്പം ''ഇന്ത്യൻ വൈറസ്'', ചൈനീസ്, ഇറ്റാലിയൻ വൈറസുകളേക്കാൾ മാരകമാണെന്ന വിവാദപ്രസ്താവനയും നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി നടത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios