
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ 14 സർവകലാശാലകളിലും സിപിഎമ്മിന്‍റെ ആധിപത്യം സ്ഥാപിക്കാനുള്ള ബില്ലിനെ അനുകൂലിച്ച വി.ഡി. സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്. പ്രതിപക്ഷ ധർമ്മം മറന്നതുകൊണ്ടാണ് യുഡിഎഫ് ജനാധിപത്യവിരുദ്ധമായ ബില്ലിനെ എതിർക്കാതിരുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്താനാണ് സർക്കാർ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റുന്നത്. ഇതിന് ഓശാന പാടുകയാണ് പ്രതിപക്ഷമെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മുസ്ലിംലീഗിന്‍റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കോൺഗ്രസ് നിലപാട് മാറ്റിയത്. അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും മുഖമുദ്രയാക്കിയ ലീഗിൽ നിന്നും മറിച്ചൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസിൽ ആത്മാഭിമാനമുള്ളവർക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ കോടതികൾക്ക് മുമ്പിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സർവകലാശാലകളുടെ സ്വയം ഭരണം തകർക്കാനും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കാനുമാണ് സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്.
സർക്കാരിന്റെ നിലപാട് കാരണം സംസ്ഥാനത്തെ പതിനായിരക്കണക്കിന് സർവ്വകലാശാല വിദ്യാർത്ഥികൾ ആശങ്കയിലാണ്. അവരുടെ ഭാവിക്ക് ഭീഷണിയാണ് നിയമസഭയിൽ അവതരിപ്പിച്ച ബിൽ. ഇപ്പോൾ തന്നെ നാഥനില്ലാ കളരിയാണ് കേരളത്തിലെ സർവകലാശാലകൾ. ഭരണഘടനാവിരുദ്ധവും യുജിസി നിയമങ്ങൾക്കെതിരുമായ ബില്ലിനെതിരെ ബിജെപി പോരാടുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ചാൻസലർ ബില്ല് പാസാക്കി, പ്രതിപക്ഷം ബഹിഷ്കരിച്ചു; നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
പ്രതിപക്ഷവുമായുണ്ടായത് ചെറിയ വിയോജിപ്പ്, ഇറങ്ങിപ്പോയത് നിരുത്തരവാദപരമായ നിലപാട്: മന്ത്രി രാജീവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam