വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസോ മാത്രമേ ചാൻസലറാകാവൂ എന്നായിരുന്നു പ്രതിപക്ഷ നിലപാട്. അതും ആകാമെന്നായിരുന്നു ഭരണപക്ഷത്തിന്റെ നിലപാടെന്നും നിയമ മന്ത്രി വിശദീകരിച്ചു

തിരുവനന്തപുരം: ചാൻസലർ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ അവസാന ഭാഗത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് നിരുത്തരവാദപരമായ സമീപനമെന്ന് വിമർശിച്ച് സംസ്ഥാന നിയമ മന്ത്രി പി രാജീവ്. പ്രതിപക്ഷത്തിന് തർക്കിക്കാൻ ഒന്നും അവശേഷിച്ചിരുന്നില്ല. പ്രോട്ടോക്കോൾ ലംഘനമെന്നാണ് അവർ ഉന്നയിച്ച ഒരു പ്രശ്നം. എന്നാൽ ആ വാദത്തിൽ നിന്ന് അവർ തന്നെ പിൻവാങ്ങി. 

YouTube video player

പ്രോട്ടോക്കോൾ ലംഘനമൊഴിവാക്കാൻ വേണ്ടി ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ജഡ്ജിമാരെ ചാൻസലറായി നിയമിക്കണമെന്ന നിലയിലാണ് അവരുടെ നിർദ്ദേശം വന്നത്. പ്രോട്ടോക്കോളിൽ ഒരിടത്തും റിട്ടയർ ചെയ്ത ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ ഇല്ലാത്തതിനാൽ ആ വാദവും നിലനിൽക്കുന്നതല്ല.

ഇക്കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വളരെ ചെറിയ വിയോജിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇറങ്ങിപ്പോക്കിലേക്ക് നയിക്കേണ്ട വിയോജിപ്പായിരുന്നില്ല ഇത്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസോ ചാൻസലറാകണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസോ ആകാമെന്ന് തന്നെയാണ് ഞങ്ങളുടെയും നിലപാട്. അവർ മാത്രമേ പാടുള്ളൂവെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതുമാകാം എന്നതായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. തർക്കം ഇതിലായിരുന്നുവെന്നും മന്ത്രി രാജീവ് വിശദീകരിച്ചു.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിശാലമായ കാഴ്ചപ്പാട് ഏറ്റവും യോഗ്യനായ ആളെ നിയമിക്കുകയെന്നതാണ്. അത് പരിമിതപ്പെടുത്തുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ നിർദ്ദേശം. അങ്ങേയറ്റം സങ്കുചിതമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോയതെന്നും രാജീവ് കുറ്റപ്പെടുത്തി.