
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്ന് സന്ധ്യയുടെ കുടുംബം. അതേസമയം ഭാര്യക്ക് യാതൊരു മാനസിക പ്രയാസവുമില്ലെന്ന് ഭർത്താവ് സുഭാഷും പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള സന്ധ്യയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. അമ്മ സന്ധ്യ ഇപ്പോൾ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്. കുഞ്ഞിനെ പുഴയിൽ എറിയാൻ ഉണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭർത്താവിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങൾ പൊലീസ് പരിശോധിക്കുന്നതിനിടെയാണ് പരസ്പരം കുറ്റപ്പെടുത്തി സന്ധ്യയുടെ കുടുംബവും സന്ധ്യയുടെ ഭർത്താവും രംഗത്ത് വരുന്നത്.
സന്ധ്യയും ഭർത്താവ് സുഭാഷും തമ്മിൽ വഴക്ക് പതിവാണെന്നും മർദ്ദിക്കാറുണ്ടെന്നുമാണ് സന്ധ്യയുടെ അമ്മയുടെ ആരോപണം. അമ്മ പറയുന്നത് ഇങ്ങനെ: 'ഇന്നലെ വൈകിട്ട് സന്ധ്യ ഇവിടെ വന്നിരുന്നു. ഒരു കൂസലും കാണിച്ചില്ല. എന്റെ കൈയ്യീന്ന് പോയിന്ന് പറഞ്ഞു. കൊച്ചെവിടെ എന്ന് ആവർത്തിച്ച് ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. രാത്രി ഏഴ് മണിക്കാണ് വന്നത്. ഇവിടെ മകൾ വന്നു നിൽക്കാറില്ല. അതിന് ഭർത്താവിൻ്റെ വീട്ടുകാർ അനുവദിക്കാറില്ല. സന്ധ്യയും ഭർത്താവുമായി തർക്കം പതിവാണ്. സുഭാഷ് മർദ്ദിക്കാറുണ്ടെന്ന് സന്ധ്യ പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ പെട്ടെന്ന് മനസിലാകുന്നയാളല്ല സന്ധ്യ. എന്റെ മൂത്ത മകളുടെയത്ര കാര്യശേഷിയില്ല. വീട്ടുജോലി ചെയ്യുന്നതിലൊക്കെ മടിയാണ്. അത് പറഞ്ഞ് ഭർത്താവുമായി വഴക്ക് പതിവാണ്. കുട്ടികളെ ഇവിടെ നിർത്താൻ ഭർത്താവിൻ്റെ വീട്ടുകാർക്ക് താത്പര്യമില്ല. മകൾക്ക് മാനസിക പ്രശ്നമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഭർത്താവിൻ്റെ വീട്ടുകാർ കഴിഞ്ഞ മാസം ആവശ്യപ്പെട്ടു. അത് പ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് സൈക്യാട്രിസ്റ്റിനെ കാണിച്ച് പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കി.'
അതേസമയം കുഞ്ഞിനെ സന്ധ്യ മുൻപും മർദ്ദിച്ചെന്നാണ് സുഭാഷ് ആരോപിച്ചത്. 'ഇന്നലെ കുഞ്ഞ് അങ്കൺവാടിയിൽ പോകില്ലെന്ന് പറഞ്ഞതാണ്. താൻ നിർബന്ധിച്ച് വിടുകയായിരുന്നു. സന്ധ്യയാണ് കുഞ്ഞിനെ അങ്കൺവാടിയിൽ വിട്ടത്. താൻ ജോലിക്കും പോയി. സന്ധ്യയുടെ അമ്മയ്ക്കും സഹോദരിക്കും ഈ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ട്. സന്ധ്യ നേരത്തെയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. ടോർച്ച് വെച്ച് കുഞ്ഞിൻ്റെ തലക്ക് അടിക്കുകയായിരുന്നു. ഇതോടെ സന്ധ്യയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു.രു മാസം മുൻപാണ് അമ്മയും സഹോദരിയും ചേർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് സന്ധ്യയെ തിരികെ വിട്ടത്. അമ്മയും സഹോദരിയും പറയുന്നത് മാത്രമേ സന്ധ്യ അനുസരിക്കാറുള്ളൂ. ഇന്നലെ വൈകിട്ട് താൻ സന്ധ്യയെ വിളിച്ചിരുന്നു. മൂന്നരയ്ക്ക് വിളിച്ചപ്പോൾ കുക്കറിൻ്റെ വാഷർ വാങ്ങണമെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ സന്ധ്യയെ കണ്ടില്ല. വിളിച്ചപ്പോൾ മൂഴിക്കുളത്താണെന്ന് പറഞ്ഞു. അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ അവിടെ എത്തിയില്ലെന്ന് പറഞ്ഞു. രാത്രിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് വിളി വന്നത്.'
സംഭവത്തിൽ കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണത്തിനാണ് പൊലീസിൻ്റെ തീരുമാനം. സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്ന വാദം പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam