
തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വാക്‌സിന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍. 9 മുതല്‍ 14 വയസുവരെയാണ് എച്ച്പിവി വാക്‌സിന്‍ ഏറ്റവും ഫലപ്രദം.
അതേസമയം 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ നല്‍കാവുന്നതാണ്. വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഇത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി. ഗര്‍ഭാശയഗള കാന്‍സര്‍ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. എച്ച്പിവി വാക്‌സിനേഷന്‍ സംബന്ധിച്ച അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങള്‍ തയ്യാറാക്കുക. പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാല്‍ സ്‌കൂള്‍ തലത്തില്‍ പ്രത്യേക അവബോധം നല്‍കും. ഇതോടൊപ്പം രക്ഷകര്‍ത്താക്കള്‍ക്കും അവബോധം നല്‍കുന്നതാണ്.
കാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് രോഗനിര്‍ണയവും ചികിത്സയും ഏകോപിപ്പിച്ചു. കാന്‍സര്‍ പ്രതിരോധത്തിന്റെ ഭാഗമായി 'ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചു. 17 ലക്ഷത്തിലധികം പേര്‍ സ്‌ക്രീനിംഗ് നടത്തി. ക്യാമ്പയിന്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, എസ്.എച്ച്.എ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, എംസിസി, സിസിആര്‍സി ഡയറക്ടര്‍മാര്‍, ആര്‍സിസി ഗൈനക്കോളജി വിഭാഗം മേധാവി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam