
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റർ വാടകക്കെടുക്കണമെന്ന് ഡിജിപി. ആഗസ്റ്റ് മാസത്തിൽ വാടക കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന് ശുപാർശ നൽകിയത്. ഇടത് സർക്കാറിൻ്റെ കാലത്ത് ഹെലികോപ്റ്റർ വാടക ധൂർത്തെന്ന് വിമർശിച്ച യുഡിഎഫ് അധികാരത്തിലിരിക്കെ എന്ത് തീരുമാനമെടുക്കുമെന്നതിലാണ് ആകാംക്ഷ.
പൊലീസിന്‍റെ ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സർക്കാർ ഹെലികോപ്റ്റർ വാടക്കെടുത്തത്. മാവോയിസ്റ്റ് നിരീക്ഷണത്തിനും വിവിഐപി യാത്രക്കുമെന്ന പേരിലാണ് വാടകക്കെടുത്തത്. ഒന്നാം പിണറായി സർക്കാർ ആദ്യം പവൻ ഹൻസിലിൽ നിന്നും ഹെലികോപ്റ്റർ വാടക്കെടുത്തു. ടെണ്ടറില്ലാത്ത വാടക്കെടുപ്പ് വിവാദമായതോടെ രണ്ടാം പിണറായി സർക്കാർ ടെണ്ടർ വിളിച്ചു. ചിപ്സണ്‍ ഏവിയേഷൻ അഞ്ച് വർഷത്തേക്ക് ടെണ്ടർ നേടി. ആദ്യ മൂന്ന് വർഷം കഴിഞ്ഞാൽ സർക്കാർ കരാർ പുതുക്കണം. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ വാടക്കാണ് ഹെലികോപ്റ്റർ വാടക്കെടുത്തത്. അധിക മണിക്കൂർ പറന്നാൽ മണിക്കൂറിന് പ്രത്യേക പണം നൽകണം. ഉയോഗിച്ചാലും ഇല്ലെങ്കിലും വാടക നൽകണം. ഹെലികോപ്റ്റർ തുടരണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ. എവിടെയൊക്കെയാണ് ഹെലികോപ്റ്റർ പറന്നതെന്ന് ഇതുവരെയും സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ, സംസ്ഥാനത്ത് അവയവദാനവത്തിനായി 8 പ്രാവശ്യം ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്. വയനാട് ദുരന്തം ഉണ്ടായ സമത്തുള്‍പ്പെടെ ഹെലികോപ്റ്റർ വിഐപി യാത്രകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. കേന്ദ്ര ഫണ്ട് കൂടി ഉള്‍പ്പെടുത്തിയാണ് പൊലീസ് വാടക നൽകിയിരുന്നത്. എന്നാൽ മാവോയിസ്റ്റ് വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനാൽ കേന്ദ്ര ഫണ്ട് പൊലിസിന് വെട്ടിക്കുറച്ചു. അതിനാൽ കരാർ തുടരണമോയെന്ന കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. ഹെലികോപ്റ്റർ ധൂർത്തെന്നായിരുന്നു യുഡിഎഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോഴുള്ള നിലപാട്. സാമ്പത്തിക മാന്ദ്യകാലത്ത് വിഡി സതീശൻ എന്തു തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam