ബാങ്കിംഗ് നെറ്റ്‌വർക്കില്‍ നിന്ന് ലഭിച്ച അടിയന്തര മുന്നറിയിപ്പ് സന്ദേശം പ്രയോജനപ്പെടുത്തി മലപ്പുറം സൈബര്‍ ക്രൈം പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി

മലപ്പുറം: ബാങ്കിംഗ് നെറ്റ്‌വർക്കില്‍ നിന്ന് ലഭിച്ച അടിയന്തര മുന്നറിയിപ്പ് സന്ദേശം പ്രയോജനപ്പെടുത്തി മലപ്പുറം സൈബര്‍ ക്രൈം പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി. മലപ്പുറത്തെ പ്രമുഖ സ്വകാര്യ ബാങ്ക് ശാഖയില്‍ നിന്ന് ഒരേദിവസം രണ്ടുതവണയായി ഒരാള്‍ വന്‍ തുക പിന്‍വലിക്കാന്‍ ശ്രമിച്ചതാണ് സംശയത്തിന് വഴിവെച്ചത്. ബാങ്കിംഗ് നെറ്റ്‌വർക്ക് നല്‍കിയ രഹസ്യ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി പണം പിന്‍വലിക്കുന്നത് തടഞ്ഞു. പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ പണം പിന്‍വലിക്കാനെത്തിയ വ്യക്തിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കമ്മീഷന്‍ വ്യവസ്ഥയില്‍ തട്ടിപ്പുകാര്‍ക്കായി സ്വന്തം അക്കൗണ്ട് വിട്ടുനല്‍കിയതാണെന്ന് (മണിമ്യൂള്‍) ഇയാള്‍ സമ്മതിച്ചത്.

തട്ടിപ്പുകാര്‍ അയച്ചുനല്‍കുന്ന വലിയ തുകകള്‍ വാടക അക്കൗണ്ടുകള്‍ വഴി പിന്‍വലിച്ച് നല്‍കുന്നതിലൂടെ കമ്മീഷന്‍ തുക കൈപ്പറ്റുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. എന്നാല്‍ പുറത്ത് പണം നേരിട്ട് വാങ്ങാന്‍ കാത്തുനിന്ന പ്രധാന കണ്ണി പോലീസിന്‍റെ സാന്നിധ്യം മനസിലാക്കി സ്ഥലത്തുനിന്നും മുങ്ങി. ഇയാളെ കണ്ടെത്താനും പണത്തിന്‍റെ സ്രോതസ്സ് വ്യക്തമാക്കാനും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അനധികൃതമായോ അപരിചിതര്‍ക്കോ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ നല്‍കുന്നതും പണം പിന്‍വലിച്ചു നല്‍കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് പോലീസ് ഓര്‍മ്മിപ്പിച്ചു. ഇത്തരം കെണികളില്‍ വീഴരുതെന്നും വാടക അക്കൗണ്ടുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

YouTube video player