
തിരുവനന്തപുരം: ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി രക്തം ആവശ്യം വന്നാൽ ഇനി പേടിക്കേണ്ട. ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ വേണ്ടി രക്തം തേടി അലയുന്നവർക്ക് സഹായവുമായി പൊലീസ് സേന. പൊലീസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം, പോൽ ബ്ലഡ് സുസജ്ജമാണ്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോൽ ബ്ലഡിന്റെ പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം.
രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ കേരള പൊലീസിന്റെ പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നു നിങ്ങളെ ബന്ധപ്പെടും. രക്തം അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കാൻ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണമെന്ന് പൊലീസ് അറിയിച്ചു.
രക്തദാനത്തിന് നിങ്ങളും മുന്നോട്ട് വന്നാൽ മാത്രമേ ഞങ്ങൾക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്നതും ഓർമ്മപ്പെടുത്തുന്നുവെന്ന് കേരള പൊലീസ് അറിയിച്ചു. പണംവാങ്ങി രക്തം നൽകുന്നതിന്റെ പേരിൽ പരാതികൾ കൂടിയതോടെ ഈ രംഗത്ത് സുതാര്യത ഉറപ്പുവരുത്താനാണ് പൊലീസ് രക്തദാനത്തിലേക്ക് തിരിഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam