
കൊച്ചി: കൊച്ചി കുണ്ടന്നൂരിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80ലക്ഷം രൂപ കവര്‍ന്ന സംഭവത്തിൽ പ്രതികരണവുമായി കട ഉടമ സുബിൻ. നാലുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തോക്ക് ചൂണ്ടുകയും വടിവാള്‍ വീശുകയും ചെയ്തുവെന്നും പണം ഇരട്ടിപ്പിക്കൽ ഡീൽ നടന്നിട്ടില്ലെന്നും നാഷണൽ സ്റ്റീൽ കമ്പനി ഉടമ സുബിൻ പറഞ്ഞു. ബാങ്കിൽ നിന്ന് റോ മെറ്റീരിയൽസ് വാങ്ങുന്നതിനായി എടുത്ത 80ലക്ഷം രൂപയായിരുന്നു കൈവശമുണ്ടായിരുന്നത്. സജിയുമായി 15 ദിവസത്തെ പരിചയമാണ് ഉണ്ടായിരുന്നത്. പണം ബാങ്കിൽ നിന്ന് എടുത്തതിന്‍റെ രേഖകളുണ്ട്. സജി സ്ഥാപനത്തിലെത്തി അരമണിക്കൂറിനുശേഷമാണ് മുഖംമൂടി ധരിച്ചവര്‍ എത്തിയത്. റോ മെറ്റീരിയൽസ് വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് സജിയെ പരിചയപ്പെട്ടത്. കവര്‍ച്ചയിൽ രേഖാമൂലം താൻ പൊലീസിൽ പരാതി നൽകി. നാളെ എസിപി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സുബിൻ പറഞ്ഞു.
അതേസമയം, കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ സ്റ്റീൽ വില്പന കേന്ദ്രത്തിലാണ് സംഭവം നടന്നത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടി പണം കവർന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് തോക്ക് ചൂണ്ടി പണം കവർന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥാപന ഉടമ സുബിനുമായി വടുതല സ്വദേശി സജി പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട ഡീൽ ഉറപ്പിച്ചിരുന്നുവെന്നും 80 ലക്ഷം പണമായി നൽകിയാൽ ഒരുകോടി അക്കൗണ്ടിൽ പണമായി തിരികെ നൽകാം എന്നായിരുന്നു ഡീൽ എന്നുമാണ് പൊലീസ് പറയുന്നത്. ഇതിനായി പണം സുബിൻ കമ്പനിയിൽ സൂക്ഷിച്ച സമയത്താണ് ആദ്യം സജി കടയിലെത്തുകയും പിന്നീട് റിറ്റ്സ് കാറിൽ മൂന്നംഗ സംഘം മുഖംമൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നതെന്നുമാണ് പൊലീസ് പറയുന്നത്. വടുതല സ്വദേശി സജി ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റുള്ളവർക്കായി അന്വേഷണം നടത്തുകയാണെന്നും സംഭവത്തിൽ ദുരൂഹത സംശയിക്കുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam