
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ തടഞ്ഞ കേസില്‍ സ്കൂൾ മാനേജ്മെന്‍റിനെയും പ്രതി ചേർത്തു. എച്ച്എം സിന്ധു എസ് നായരുടെ പരാതിയിലാണ് നടപടി. സെക്യുരിറ്റി ജീവനക്കാരൻ ശശാങ്കനെ മാത്രമേ കേസില്‍ ആദ്യം പ്രതി ചേർത്തിരുന്നുള്ളു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്‍റിനെയും പ്രതി ചേർത്തത്.പ്രേരണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മാനേജർ കെ.സുരേഷ് കുമാറിന്‍റെ നിർദേശ പ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്ന് സെക്യൂരിറ്റി പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും, വനിതാ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപികയ്ക്കായിരുന്നു ദുരനുഭവം. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിൽ എത്തിയ എച്ച്എം സിന്ധുവിനെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് പൂട്ടി തടയുകയായിരുന്നു. ചുരിദാർ ഇട്ട് വന്നാൽ അധ്യാപികയെ അകത്തേക്ക് കടത്തിവിടേണ്ട എന്നതാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്നു മറുപടി. അധ്യാപിക കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് പൊലീസ് എത്തി സ്കൂളിൽ പ്രവേശിപ്പിച്ചത്. മാനേജർക്ക് അധികാര ധാർഷ്ഠ്യമാണെന്നും നേരിട്ട മാനഹാനിക്ക് നടപടി ഉണ്ടാകണമെന്നും എച്ച്.എം പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam