
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്ത കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്. കെട്ടിട നിര്‍മ്മാണത്തിൽ ഗുരുതര പിഴവുകളുണ്ടെന്നും തീപിടുത്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നുമാണ് സബ് കളക്ടര്‍ നേതൃത്വം നൽകിയ അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ആദ്യം പുക ഉയര്‍ന്ന യുപിഎസ് മുറിയിലെയും ആറു നില കെട്ടിടത്തിലെയും സുരക്ഷാവീഴ്ചകളും ചട്ടലംഘനങ്ങളും എണ്ണിപ്പറയുന്നതിനൊപ്പം പരിഹാര നിര്‍ദേശങ്ങള്‍ കൂടി അടങ്ങിയതാണ് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പിഎംഎസ് വൈ ബ്ലോക്കില്‍ ഇക്കഴിഞ്ഞ മെയ് രണ്ടിനുണ്ടായ തീപിടുത്തത്തെക്കുറിച്ച് മൂന്നു തലങ്ങളിലുള്ള അന്വേഷണങ്ങളാണ് പ്രധാനമായും നടന്നത്.
സംഭവസമയം അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന അഞ്ച് മരണങ്ങളെക്കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ കീഴിലുള്ള സംഘത്തിന്‍റേതായിരുന്നു ഒന്നാമത്തെ അന്വേഷണം. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗത്തിന്‍റെ അന്വേഷണമായിരുന്നു രണ്ടാമത്തേത്. ഈ അന്വേഷണത്തില്‍ 200 കോടിയോളം ചെലവിട്ടുള്ള ആറു നില കെട്ടിടനിര്‍മ്മാണത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയിരുന്നു. ഈ വീഴ്ചകള്‍ അടിവരയിടുന്നതും കൂടുതല്‍ കണ്ടെത്തലുകളും പരിഹാരനിര്‍ദേശങ്ങളുമടങ്ങിയതാണ് സബ് കളക്ടര്‍ മേല്‍നോട്ടം വഹിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയുടെ നൂറു പേജോളം വരുന്ന റിപ്പോര്‍ട്ട്. പുക ഉയര്‍ന്ന എംആര്‍ഐ മെഷീന്‍റെ യുപിഎസ് മുറിയില്‍ ഗുരുതര സുരക്ഷാവീഴ്ചകള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുപിഎസ് ബാറ്ററി സിസ്റ്റത്തിന്‍റെ അറ്റകുറ്റപ്പണികള്‍ 2024 ഡിസംബറിലാണ് അവസാനമായി നടത്തിയത്. ബാറ്ററി ബാങ്ക് മുഴുവന്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടും അതുണ്ടായില്ല. യുപിഎസ് മുറിയില്‍ വെന്റിലേഷന്‍ സൗകര്യങ്ങളോ എമര്‍ജന്‍സി എക്സിറ്റോ തീ പ്രതിരോധ സംവിധാനമോ ഉണ്ടായിരുന്നില്ല. ആദ്യം അംഗീകാരം ലഭിച്ച ഫയര്‍ സേഫ്റ്റി പ്ലാനില്‍ യുപിഎസ് മുറി ഉണ്ടായിരുന്നില്ല. പിന്നീട് ചട്ടങ്ങള്‍ ലംഘിച്ച് കൂട്ടിച്ചേര്‍ത്തതായിരുന്നു ഈ മുറി.
ആറു നിലകളുള്ള പിഎംഎസ് വൈ കെട്ടിടത്തിലെ വീഴ്ചകളും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഫയര്‍ എന്‍ഒസി പുതുക്കിയിരുന്നില്ല. ഈ ബ്ലോക്കില്‍ ഫലപ്രദമായ ഫയര്‍ എസ്കേപ്പ് സംവിധാനം ഇല്ല. ഫയര്‍ എസ് കേപ്പ് സ്റ്റെയര്‍ കേസ് കെട്ടിടത്തിന് പുറത്തേക്ക് പോകുന്നതിന് പകരം അകത്തു തന്നെയാണ് എത്തുന്നത്. കാമ്പസില്‍ തീപിടുത്ത സാധ്യത ഉണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും വേണ്ടത്ര മുന്‍കരുതലെടുക്കാതെ അധികൃതര്‍ അത് അവഗണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മൂടിവെക്കാന്‍ ശ്രമിക്കുന്നെന്നും ഒരാള്‍ക്കെതിരെ പോലും നടപടിയുണ്ടായില്ലെന്നുമാണ് ആരോപണം. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഏര്‍പ്പെടുത്തുന്ന പ്രതിരോധ സംവിധാനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. കെട്ടിട നിര്‍മ്മാണത്തിന് ലൈസന്‍സുകള്‍ ഉറപ്പുവരുത്തണമെന്നും അനുമതിയില്ലാതെ കെട്ടിടത്തില്‍ ഒരു കൂട്ടിട്ടേര്‍ക്കലും വരുത്തരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam