
തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗം നടത്തി കോണ്‍ഗ്രസിനെ ഇല്ലാതാക്കി രാജ്യത്ത് ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ക്കാമെന്ന് കരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ കോൺഗ്രസ് പ്രതിഷേധത്തിനിടെ എ ഐ സി സി ഓഫീസിലുണ്ടായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചുള്ള രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സുധാകരൻ മോദിക്കെതിരെ വിമർശനം ഉന്നയിച്ചത്.
ഇഡിയുടെ ചോദ്യം ചെയ്യല്‍; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും ദേശീയ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തി രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുകയാണ് മോദി സര്‍ക്കാരെന്ന് സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബി ജെ പി മുദ്രവാക്യത്തിന്റെ ഭാഗമാണ് ഇ ഡി നടപടി. കള്ളക്കേസെടുത്ത് സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും തേജോവധം ചെയ്ത് കോണ്‍ഗ്രസ് മുക്തഭാരതമെന്ന അജണ്ടക്ക് വേഗം പകരാമെന്ന് ബി ജെ പി കരുതുന്നു. നെഹ്‌റുവിന്റെ സ്മരണ പോലും ബി ജെ പിയും സംഘപരിവാറും ഭയപ്പെടുന്നു. ബി ജെ പിയുടെ രാഷ്ട്രീയ പാപ്പരത്തിന് തെളിവാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പ്രതികാര നടപടി. നാഷണല്‍ ഹെറാള്‍ഡ് കേസ് 2014 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ച് തെളിവ് കണ്ടെത്താന്‍ സാധിക്കാതെ അവസാനിപ്പിച്ച കേസാണ്. ഈ കേസില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്റെ തരിമ്പ് പോലും ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു. ജീവന്‍ കൊടുത്തും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പ്രവര്‍ത്തകര്‍ സംരക്ഷിക്കും. എ ഐ സി സി ഓഫീസ് താഴിട്ട് പൂട്ടിയതും പാര്‍ട്ടി ആസ്ഥാനത്ത് കയറി കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടയുള്ളവരെ മര്‍ദ്ദിച്ച പൊലീസിന്റെ കാടത്തം രാജ്യത്ത് കേട്ടു കേള്‍വിയില്ലാത്തതാണ്. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ മതേതരവിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam