
കണ്ണൂർ: കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സഹോദരൻ ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തു. കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത ബിജെപിയുടെ അദാലത്തിലാണ് ഷാജി വിജെ എത്തിയത്. ഉളിക്കലിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. കെപിസിസി പ്രസിഡൻ്റിൻ്റെ ഇളയ സഹോദരനാണ്. ഗ്യാസ് ഏജൻസിയുടെ അനുമതി റദ്ദ് ചെയ്തത് പുനസ്ഥാപിച്ചു കിട്ടാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കെടുത്ത പരിപാടിയിൽ എത്തിയതെന്നാണ് ഷാജിയുടെ പ്രതികരണം. വേണമെങ്കിൽ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'സണ്ണി ജോസഫിൻ്റെ സഹോദരൻ എന്നത് പ്രശ്നമല്ല. കെ കരുണാകരൻ്റെ മകളും എകെ ആൻ്റണിയുടെ മകനും ബിജെപിയിൽ ചേർന്നു. കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ ഉമ്മൻ ചാണ്ടിയും ഭരിക്കുമ്പോൾ സണ്ണി ജോസഫ് എംഎൽഎ ആയിരിക്കുമ്പോഴാണ് തൻ്റെ ഗ്യാസ് ഏജൻസിയുടെ ലൈസൻസ് റദ്ദാക്കിയത്. താൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അത് പരിഹരിക്കാൻ തയ്യാറായില്ല. വഴിവിട്ട സഹായമൊന്നുമല്ല താൻ ചോദിച്ചത്. ഇത്തരം കാര്യങ്ങളിൽ സണ്ണി ജോസഫ് ഇടപെടാറില്ല. അത്തരം കാര്യങ്ങളിൽ അദ്ദേഹം ഇടപെടാറില്ലാത്തത് കൊണ്ട് താൻ ചോദിക്കാറുമില്ല. ഈ പരിപാടി നടക്കുന്നത് രണ്ട് മാസം മുൻപാണ് അറിഞ്ഞത്. 2007 ൽ മണ്ഡലം പ്രസിഡൻ്റ് സ്ഥാനവും 2011 ൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വവും താൻ രാജിവെച്ചിരുന്നു. ഇപ്പൊ ബിജെപിയിൽ ചേരുന്നതിനെ കുറിച്ച് ചില ആലോചനകൾ നടക്കുന്നുണ്ട്. തീരുമാനം ഒന്നും ആയിട്ടില്ല.'
‘അദാലത്തിൽ അപേക്ഷ കൊടുക്കാനാണ് താൻ വന്നത്. രാഷ്ട്രീയം മാറുന്നതിന് പ്രശ്നമില്ല. കെവി തോമസ് സിപിഎമ്മിൽ പോയി, ഐഷ പോറ്റി കോൺഗ്രസിലേക്ക് വന്നു, പികെ ശശി നാളെ കോൺഗ്രസിലേക്ക് വരുമെന്ന് അറിയുന്നു. അതുകൊണ്ട് ആരുടെ അനുജൻ, മകൻ, മകൾ എന്നതൊന്നും രാഷ്ട്രീയത്തിൽ വിഷയമല്ല. എല്ലാവരും വ്യക്തികളാണ്. അത് (സണ്ണി ജോസഫിൻ്റെ സഹോദരൻ എന്നത്) ഇതുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല,’ - എന്നും ഷാജി വിജെ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam