Asianet News MalayalamAsianet News Malayalam

ശമ്പളം നൽകാൻ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍; ധനവകുപ്പിനെതിരെ വിമര്‍ശനം

ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി സമയം വേണമെന്നാണ് ആവശ്യം. ജൂൺ മാസത്തെ ശമ്പളം നൽകിയത് ഡീസൽ ചെലവിനുള്ള പണം ഉപയോഗിച്ചാണെന്നും  കെഎസ്ആർ ടിസി കോടതിയെ അറിയിച്ചു. 
 

ksrtc approached the high court seeking delay in payment of employees salaries
Author
Cochin, First Published Aug 12, 2022, 2:47 PM IST

കൊച്ചി:  ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെഎസ്ആർ ടിസി ഹൈക്കോടതിയെ സമീപിച്ചു.  ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി സമയം വേണമെന്നാണ് ആവശ്യം. ജൂൺ മാസത്തെ ശമ്പളം നൽകിയത് ഡീസൽ ചെലവിനുള്ള പണം ഉപയോഗിച്ചാണെന്നും  കെഎസ്ആർ ടിസി കോടതിയെ അറിയിച്ചു. 

ധനവകുപ്പിനെതിരെ കെഎസ്ആര്‍ടിസി വിമര്‍ശനമുന്നയിച്ചു. ശമ്പളം നൽകാൻ സഹായം ചോദിച്ചിട്ടും ധനവകുപ്പിന്‍റെ അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് വിമര്‍ശനം. 20 കോടി രൂപ നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടും ധന വകുപ്പ് പണം നൽകിയില്ല. എന്ത് കൊണ്ട് പണം അനുവദിക്കുന്നില്ലെന്നു കെഎസ്ആര്‍ടിസിയ്ക്ക് അറിയില്ല. സർക്കാർ പറഞ്ഞ പണം ലഭിക്കും എന്ന് കരുതി 10 കോടി ഡീസലിന് നൽകി.  ഇതോടെ ശമ്പളം നൽകാൻ കഴിയാത്ത പ്രതിസന്ധി ഉണ്ടെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ പറ‌ഞ്ഞു. 

അതേസമയം, കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീർക്കുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇന്ന് പറഞ്ഞത്. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ലെന്നും മന്ത്രി വിശദീകരിച്ചു. കെഎസ്ആർടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാകില്ല. ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാർ സഹായം നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

ട്രേഡ് യൂണിയൻ നേതാക്കളുമായി ഈ മാസം 17 ന് ചർച്ച നടത്തും. സുശീൽ ഖന്ന റിപ്പോർട്ടിനോട് ട്രേഡ് യൂണിയനുകൾക്ക് കാര്യമായ എതിർപ്പില്ല. പല നിർദ്ദേശങ്ങളും നടപ്പിലാവുന്നുണ്ട്. ശമ്പളക്കാര്യത്തിൽ ഉൾപ്പെടെ സ്ഥിരമായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി വിശദീകരിച്ചു. സിപിഎം സംസ്ഥാന സമിതിയിൽ ഗതാഗത വകുപ്പിനെ കുറിച്ച് വിമർശനമുണ്ടായതിനെക്കുറിച്ച് അറിവില്ലെന്നും വിമർശിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്നും മന്ത്രി വിശദീകരിച്ചു. 

കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്.   പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തി.  ഒപ്പം നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെഎസ്ആർടിസി സർക്കാരിന് പുതിയ അപേക്ഷ സമർപ്പിച്ചു. 

Read Also: കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി: സർക്കാർ അനുവദിച്ച 20 കോടി രൂപ അക്കൗണ്ടിൽ എത്തിയില്ല

103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയാണ് സർക്കാരിന് മുന്നിൽ വെച്ചത്. ഇതിൽ 50 കോടി നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്. ആഗസ്റ്റ് 10 കഴിഞ്ഞിട്ടും ശമ്പള വിതരണം വൈകുന്നതിൽ കെഎസ്ആർടിസി സിഎംഡിക്കെതിരെ രൂക്ഷ വിമർശനമാണ് കേരള ഹൈക്കോടതി നടത്തിയത്. 

Read Also: കെ എസ് ആര്‍ ടിസി ശമ്പളം വൈകല്‍: സി എം ഡിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Follow Us:
Download App:
  • android
  • ios