കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറ: കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം, മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

Published : Sep 04, 2025, 12:46 PM IST
vm sudheeran

Synopsis

കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് വിഎം സുധീരൻ

തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറയുമായി ബന്ധപ്പെട്ട് കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി കോൺ​ഗ്രസ് നേതാവ് വിഎം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. പൊലീസുകാർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സുജിത്തിനോടും ജനങ്ങളോടും മുഖ്യമന്ത്രി മാപ്പു പറയണമെന്നും സുധീരൻ പറഞ്ഞു. യൂത്ത് കോൺ​ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെയാണ് പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാർ മർദിച്ചത്.

അതേസമയം, സംഭവത്തിൽ തൃശൂർ ‍ഡിഐജി ഹരിശങ്കർ ഡിജിപിക്കു റിപ്പോർട്ട്‌ നൽകി. ക്രൂരമർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. പരാതി ഉയർന്ന അന്ന് തന്നെ നടപടി എടുത്തെന്നു റിപ്പോർട്ടിൽ പറയുന്നു. നാലു ഉദ്യോഗസ്ഥർക്കും രണ്ട് വർഷത്തെ ഇൻക്രിമെന്റ് കട്ട് ചെയ്യുകയും സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു എന്നാണ് റിപ്പോർട്ടിലുള്ളത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതിയും ആ കേസ് മാത്രമാണ് എടുത്തത്. റിപ്പോർട്ടിൽ കൂടുതൽ നടപടിക്ക് ശുപാർശ ഇല്ല. നിലവിൽ കുന്നംകുളം കോടതി നേരിട്ട് കേസ് അന്വേഷിക്കുകയാണ്. കോടതി ഉത്തരവ് വന്ന ശേഷം തുടർ നടപടി ആകാമെന്നാണ് റിപ്പോർട്ടിലുള്ളത്.

പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും