
പാലക്കാട്: വൃക്ക രോഗിയായ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു. പാലക്കാട് പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രം സുരക്ഷാ ജീവനക്കാരൻ കെ ചന്ദ്രൻ (57) ആണ് മരിച്ചത്. ശമ്പള കുടിശ്ശിക നാലു ലക്ഷം രൂപ ചന്ദ്രന് ലഭിക്കാനുണ്ടായിരുന്നു. വൃക്ക രോഗിയായിരുന്ന ചന്ദ്രന്‍ ചികിത്സയ്ക്കും നിത്യവൃത്തിക്കും പണമില്ലാതെ വന്നതോടെ ദേവസ്വം അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
2010 മുതൽ 2015 വരെ മൂന്നു ലക്ഷവും സാങ്കേതിക കാരണങ്ങളാൽ പിടിച്ചുവെച്ച ഒരു ലക്ഷവുമാണ് കുടിശ്ശിക ഇനത്തില്‍ ചന്ദ്രന് ലഭിക്കാനുണ്ടായിരുന്നത്. 2024 ൽ രോഗം മൂർഛിച്ചതോടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചിട്ടും പരിഗണിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. 1996 മുതൽ മലബാർ ദേവസ്വം ബോർഡിന് കീഴിലെ ജീവനക്കാരനാണ് ചന്ദ്രൻ.
മലബാർ ദേവസം ബോർഡിനോട് അപേക്ഷിച്ചിട്ടും ഫണ്ട് ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് ശബളം കുടിശിക വന്നതെന്നുമാണ് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പറയുന്നത്. ശമ്പള കുടിശികയിൽ പങ്കില്ലെന്നാണ് ദേവസ്വം ബോർഡിന്‍റെ വാദം.
ചട്ടപ്രകാരം വരുമാനമുള്ള അമ്പലങ്ങൾ ജീവനക്കാർക്ക് സ്വയം ശമ്പളം കണ്ടെത്തണമെന്നാണ് ചട്ടമെന്നും ചന്ദ്രനുൾപ്പെടെ ഉള്ളവർക്ക് ശബളം നൽകേണ്ടത് ക്ഷേത്രമാണെന്നുമാണ് മലബാർ ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്തു നിന്നുള്ള വിശദീകരണം. പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിന് ചട്ടപ്രകാരം സർക്കാർ ഗ്രാന്‍റിന് അർഹത ഇല്ലെന്നും ദേവസ്വം ബോർഡ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam