
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഉയർന്ന പേരുകളിലൊന്നാണ് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയിയുടേത്. സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ തനിക്ക് ഒരു മോഹഭംഗവും ഇല്ലെന്ന് വിഎസ് ജോയി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥാനാർത്ഥിയെ ഒരു ഫോൺ കോളിൽ അറിയിച്ചാൽ ഉൾക്കൊള്ളുന്ന ആളാണ് താൻ. പാർട്ടിക്ക് ഒരു പ്രതിസന്ധിയും പ്രയാസവും ഉണ്ടാക്കില്ലെന്നും ജോയ് പറഞ്ഞു. കോൺഗ്രസിനോട് കൈ കോർത്ത പിവി അൻവർ സ്ഥാനാർത്ഥിയായി ജോയിയെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ആര്യാടൻ മുഹമ്മദിന്‍റെ മകനും കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൌക്കത്തിനെയാണ് കോൺഗ്രസ് നിലമ്പൂരിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
നിലമ്പൂരിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചത് തന്നെ വലിയ അംഗീകാരമായാണ് ഞാൻ കരുതുന്നത്. ചെറുപ്രായത്തിൽ എന്നെ വലിയ ഉത്തരവാദിത്തങ്ങൾ ഏല്പിച്ചതിൽ തൃപ്തനാണ്. സ്ഥാനാർത്ഥി നിർണയത്തിലടക്കം പിവി അൻവറിന് ചില പ്രയാസങ്ങളും വിഷമങ്ങളും ഉണ്ട്. ൻവറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ യുഡിഎഫ് നേതൃത്വം പരിഹരിക്കും. എല്ലാ വിഷയങ്ങളും പരിഹരിക്കും. നിലമ്പൂരിലെ ആര്യാടൻ ഷൌക്കത്ത് സിപിഎമ്മുമായി ചർച്ച നടത്തി എന്ന് അൻവർ പറഞ്ഞത് ഏത് സന്ദർഭത്തിൽ എന്ന് അറിയില്ല. അക്കാര്യത്തിൽ ഷൌക്കത്തും അൻവറും കൃത്യമായ വിശദീകരണം നൽകും.
നിലമ്പൂരിൽ അ വിജയിക്കാൻ കഴിയുന്ന അന്തരീക്ഷം ഉണ്ട്. എന്നാൽ അൻവർ മത്സരിക്കുന്ന വിഷയം ഇല്ല, ആ പ്രശ്നം പരിഹരിക്കാൻ കഴിയും. ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കാൻ താപര്യപ്പെടാത്തത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ട്രയല് റൺ ആണ്. പലയിടത്തും ബിജെപിയൂം സിപിഎമ്മും പരസ്പരം വോട്ട് ചെയ്യാൻ പോകുന്നുണ്ട്. ഇതിന്‍റെ റിഹേഴ്‌സൽ ആണ് നടക്കുന്നതെന്നും വിഎസ് ജോയി ആരോപിച്ചു. സിപിഎമ്മിന് വേണ്ടി ആരും മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യമാണ് നിലമ്പൂരിൽ. സിപിഎമ്മിന് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. നേരത്തെ സ്ഥാനർത്തിയെ പ്രഖ്യാപിക്കുന്ന ശൈലിയിൽ നിന്ന് സിപിഎം പിറകോട്ട് പോയി. അതേസമയം യുഡിഎഫിന് അപശബ്ദം ഇല്ലാതെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ ആയെന്നും ജോയ് പറഞ്ഞു.
അൻവർ പിണറായിസത്തിന് എതിരായ പടയോട്ടത്തിന് നേതൃത്വം നൽകേണ്ട വ്യക്തിയാണെന്നും ജോയ് പറഞ്ഞു. യുഡിഎഫിന് അൻവറിന്‍റെ പിന്തുണ ഉണ്ടാവണം. മൂന്നാം ഭരണമെന്ന പിണറായിയുടെ സ്വപ്നത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനുള്ള ഉപ തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ നിലമ്പൂരിൽ എത്തും. കാലാവസ്ഥയ്ക്ക് അനുയോജ്യമായ പ്രചാരണ രീതികൾ പാർട്ടി സ്വീകരിക്കുമെന്നും വിഎസ് ജോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.