ഫാത്തിമയുടെ മൃതദേഹം കൊണ്ടുപോയത് ട്രക്കിൽ, പൊലീസ് പെരുമാറിയത് അസാധാരണമായി: വെളിപ്പെടുത്തലുമായി ബന്ധു

By Web TeamFirst Published Nov 16, 2019, 10:04 AM IST
Highlights

"അലക്ഷ്യമായി ട്രക്കിൽ കയറ്റിയാണ് മൃതദേഹം കൊണ്ടുപോയത്. ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്"

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ അസാധാരണമായ കാര്യങ്ങളാണ് ഐഐടിയില്‍ വെച്ചും ചെന്നൈ കോട്ടൂർപുരം സ്റ്റേഷനില്‍ വെച്ചും നേരിട്ടതെന്ന് ബന്ധു ഷെമീർ. ഫാത്തിമയുടേത് ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസിന്‍റെ പെരുമാറ്റമെന്ന് ഷെമീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഫാത്തിമയുടെ ആത്മഹത്യ: പൊലീസും ഐഐടിയും ഒത്തുകളിക്കുന്നുവെന്ന് അച്ഛൻ...

"ഐഐടിയിൽ നിന്ന് മൃതദേഹം എംബാം ചെയ്യാൻ കൊണ്ടുപോയത് ഏജൻസിയുടെ മേൽനോട്ടത്തിലാണ്. അലക്ഷ്യമായി ട്രക്കിൽ കയറ്റിയാണ് മൃതദേഹം കൊണ്ടുപോയത്. ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്". ഫാത്തിമയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ചെന്നൈയിൽ മുഴുവൻ സമയവും ഉണ്ടായിരുന്ന ആളാണ് ഷമീർ.

ഫാത്തിമ ലത്തീഫിന്‍റെ മരണം; മദ്രാസ് ഐഐടി ഡയറക്ടറെ ചോദ്യം ചെയ്യും...

"ഫാത്തിമ മരിച്ച ദിവസം അവിടെയെത്തി സുഹൃത്തുക്കളുമായി സംസാരിച്ചു. ഒരോരുത്തരും ഓരോ അഭിപ്രായമാണ് പറഞ്ഞത്. ഒടുവില്‍ ഫാത്തിമയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്കാണ് ഞങ്ങള്‍ എത്തിയത്. ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞപ്പോള്‍ പരാതിയെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. സിഐക്കാണ് പരാതി നല്‍കിയത്. അവിടെ വെച്ചാണ് അലക്ഷ്യമായി കിടക്കുന്ന നിലയില്‍ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചത്. എന്നാല്‍ അത് തരാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതില്‍ നിന്നും നമ്പര്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മൊബൈല്‍ കൈയ്യില്‍ തന്നു.

മൈബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ ഡിസ് പ്ലേയില്‍ കണ്ടത് cause of my death is sudharashana pathmanadhan എന്നായിരുന്നു ഉണ്ടായിരുന്നത്. ഫോണ്‍ ഓണ്‍ ചെയ്ത് നോക്കുക പോലും പൊലീസ് ചെയ്തിരുന്നില്ല. ഐഐടിയുമായി ചേര്‍ന്ന് പൊലീസ് കേസ് ഇല്ലാതാക്കിക്കളയുമോയെന്ന് ഭയപ്പെട്ടു. ഐഐടിയിലെ അധ്യാപകരോ മറ്റ് അധികൃതരോ മരണവിവരമറിഞ്ഞ് എത്തിയില്ല". നേരത്തെ തന്നെ സുദര്‍ശന്‍ പത്മനാഭനില്‍ നിന്നും മോശമായ സമീപനമാണെന്ന് ഫാത്തിമ പറഞ്ഞിരുന്നുവെന്നും ഷമീർ കൂട്ടിച്ചേര്‍ത്തു.  

ഫാത്തിമയുടെ മരണത്തില്‍ മദ്രാസ് ഐഐടിക്കും പൊലീസിനുമെതിരെ ഫാത്തിമയുടെ അച്ഛൻ ലത്തീഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. ഫാത്തിമയുടെ ആത്മഹത്യക്ക് ശേഷമുള്ള അന്വേഷണത്തിൽ തമിഴ്നാട് പൊലീസിന് വീഴ്ച പറ്റിയതായും തമിഴ്നാട് പൊലീസും ഐഐടിയും ഒത്തുകളിക്കുകയാണെന്നും ലത്തീഫ് ആരോപിച്ചു. 

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: തമിഴ്‌നാട്ടിൽ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി...

ഫാത്തിമയുടെ മുറി സീൽ ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റി. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും പൊലീസ് നൽകിയില്ലെന്നും ഫാത്തിമയുടെ അച്ഛൻ ആരോപിച്ചു. ആത്മഹത്യാക്കുറിപ്പ് എഫ്ഐആറിൽ ഉൾപ്പെടുത്താത്തത് ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ മരണശേഷം മദ്രാസ് ഐഐടി അധ്യാപകർ തെളിവ് നശിപ്പിച്ചെന്നും ലത്തീഫ് ആരോപിച്ചു. ഫാത്തിമയുടെ അച്ഛൻ ലത്തീഫും ബന്ധുക്കളും ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. 

അതേസമയം, മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഐഐടി ക്യാംപസിനകത്തും പുറത്തും പ്രതിഷേധം ശക്തം. ഡയറക്ടറുടെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഡിഎംകെയും യൂത്ത് കോണ്‍ഗ്രസും എസ്എഫ്ഐയും പ്രതിഷേധ മാര്‍ച്ച് നടത്തി. 

click me!