ശനിയാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുമ്പുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതിയ കുറിപ്പുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്.

ചെന്നൈ: മലയാളി ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് മദ്രാസ് ഐഐടി ഡയറക്ടറെ ചോദ്യം ചെയ്യും. ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. അതേസമയം ഗവര്‍ണര്‍ക്കും മദ്രാസ് ഐഐടി അധികൃതര്‍ക്കും ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഇന്ന് പരാതി നല്‍കും. ഫാത്തിമയുടേത് ആത്മഹത്യയല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: തമിഴ്‌നാട്ടിൽ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി

ഫാത്തിമയുടെ നീതിക്കായി ഐഐടിക്ക് അകത്തും പുറത്തും പ്രതിഷേധം കനക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കുടുംബത്തിന്‍റെ പ്രതീക്ഷ. ശനിയാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുമ്പുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതിയ കുറിപ്പുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്.

ഗ്യാലക്സി നോട്ടില്‍ 28 ദിവസത്തെ സംഭവങ്ങള്‍ ഫാത്തിമ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നിര്‍ണായക തെളിവാകുമെന്നാണ് കുടുംബത്തിന്‍റെ കണക്കുകൂട്ടല്‍. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ കാരണമാണ് ജീവെനാടുക്കുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പ്. ഇവരെ ക്രൈംബ്രാഞ്ച് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. 25 ഓളം പേരെ ചോദ്യം ചെയ്തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല.

ഫാത്തിമയുടെ ആത്മഹത്യ: പൊലീസും ഐഐടിയും ഒത്തുകളിക്കുന്നുവെന്ന് അച്ഛൻ..

ഫാത്തിമയുടേത് ആത്മഹത്യയല്ലെന്നും വിഷയം തമിഴ്നാട് നിയമസഭയില്‍ ഉന്നയിക്കുമെന്നും എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോഴും, ആഭ്യന്തര അന്വേഷണം വേണ്ടെന്ന തീരുമാനത്തിലാണ് മദ്രാസ് ഐഐടി. ജാതി വിവേചനം നേരിട്ടെന്ന ആരോപണം ഐഐടിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമെന്നാണ് വിശദീകരണം.