ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ മരിച്ച സംഭവത്തില്‍ മദ്രാസ് ഐഐടിക്കും പൊലീസിനുമെതിരെ ഫാത്തിമയുടെ അച്ഛൻ ലത്തീഫ്. തമിഴ്നാട് പൊലീസും ഐഐടിയും ഒത്തുകളിക്കുകയാണെന്ന് ലത്തീഫ് ആരോപിച്ചു. ഫാത്തിമയുടെ ആത്മഹത്യക്ക് ശേഷമുള്ള അന്വേഷണത്തിൽ തമിഴ്നാട് പൊലീസിന് വീഴ്ച പറ്റിയതായും ഫാത്തിമയുടെ കുടുംബം ആരോപിക്കുന്നു. 

ഫാത്തിമയുടെ മുറി സീൽ ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റി. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും പൊലീസ് നൽകിയില്ലെന്നും ഫാത്തിമയുടെ അച്ഛൻ ആരോപിച്ചു. ആത്മഹത്യാക്കുറിപ്പ് എഫ്ഐആറിൽ ഉൾപ്പെടുത്താത്തത് ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ മരണശേഷം മദ്രാസ് ഐഐടി അധ്യാപകർ തെളിവ് നശിപ്പിച്ചെന്നും ലത്തീഫ് ആരോപിച്ചു. 

മരിക്കുന്നതിന് തൊട്ടുമുമ്പ് ഐഐടി അധ്യാപകൻ സുദർശൻ പത്മനാഭൻ ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. മൃതദേഹം കൊണ്ടുവരാൻ ഒരു അധ്യാപകരിൽ നിന്നും സഹായം ലഭിച്ചില്ലെന്നും ലത്തീഫ് പറഞ്ഞു. ഇതിനിടെ, ഫാത്തിമയുടെ അച്ഛൻ ലത്തീഫും ബന്ധുക്കളും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടു.

Also Read: ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: തമിഴ്‌നാട്ടിൽ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി

അതേസമയം, മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഐഐടി ക്യാംപസിനകത്തും പുറത്തും പ്രതിഷേധം ശക്തം. ഡയറക്ടറുടെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഡിഎംകെയും യൂത്ത് കോണ്‍ഗ്രസും എസ്എഫ്ഐയും പ്രതിഷേധ മാര്‍ച്ച് നടത്തി.

ഇതിനിടെ, ഫാത്തിമ ലത്തീഫയുടെ ആത്മഹത്യയിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്ന് തമിഴ്നാട് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് സർക്കാർ നിയമസഭയിൽ അറിയിച്ചു. എം നൗഷാദിന്റെ സബ്മിഷന്, മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി സുധാകരനാണ് നിയമസഭയിൽ മറുപടി നൽകിയത്. കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് മേധാവിയോട് സംസ്ഥാന ഡിജിപി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.