അമേരിക്കയിലെ പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ സുരക്ഷിതൻ, സംസ്ഥാന സർക്കാരിനും സുഹൃത്തുക്കൾക്കും അറിയിപ്പ് ലഭിച്ചു

Published : Jun 19, 2025, 10:42 AM ISTUpdated : Jun 19, 2025, 10:48 AM IST
Sheikh Hasan

Synopsis

അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ സുരക്ഷിതനാണെന്ന് അറിയിപ്പ് ലഭിച്ചു

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ സുരക്ഷിതൻ. ഷെയ്ഖ് ഹസൻ സുരക്ഷിതനാണെന്ന അറിയിപ്പ് സംസ്ഥാന സർക്കാരിനും നാട്ടിലെ അടുത്ത സുഹൃത്തുക്കള്‍ക്ക് ലഭിച്ചു. ഷെയ്ഖ് ഹസൻ സുരക്ഷിതമായി തിരിച്ച് ഇറങ്ങുന്നു എന്നാണ് സന്ദേശത്തിൽ ഉള്ളത്. ഹസനും തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു സഹ പർവതാരോഹകരും ഇപ്പോൾ ബേസ് ക്യാമ്പിലേക്ക് ഇറങ്ങുകയാണെന്നും വ്യക്തമായിട്ടുണ്ട്. ഇരുവരെയും കണ്ടെത്തിയെന്നും സുരക്ഷിതരാണെന്നും അലാസ്ക ഗവർണറുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ് അറിയിച്ചത്. റേഞ്ചർമാർ നിരന്തരം ഇരുവരുമായി ഫോണിൽ ബന്ധപ്പെടുകയും അവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇരുവർക്കും സ്വയം രക്ഷപ്പെടാൻ കഴിഞ്ഞെന്നാണ് വിവരം.

നേരത്തെ ഷെയ്ഖ് ഹസനെ രക്ഷിക്കാനായുള്ള ഇടപെടൽ ആവശ്യപ്പെട്ട് ശശി തരൂർ എം പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. ഷെയ്ഖ് ഹസൻ ഖാനെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. യു എസിലെ ഇന്ത്യൻ അംബാസിഡർക്കും ശശി തരൂർ കത്തയച്ചിരുന്നു. പത്തനംതിട്ട എം പി ആന്‍റോ ആന്‍റണിയും വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. അമേരിക്കയിലെ എംബസിയുമായും ബന്ധപ്പെട്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം എം പിയുടെ കത്തിന് മറുപടി നൽകിയിരുന്നു. വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ ശ്രദ്ധയിൽപെടുത്തിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദേശഖറും ട്വീറ്റ് ചെയ്തിരുന്നു. ഷെയ്ഖ് ഹസൻ ഖാനെയും സഹ പർവതാരോഹകനെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിന് മുൻകൈ എടുത്തെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യനും അറിയിച്ചിരുന്നു. ഏകദേശം 17,000 അടി ഉയരത്തിൽ പ്രതികൂല കാലാവസ്ഥയും അവശ്യ സാമഗ്രികളുടെ അഭാവവും നേരിടുന്ന സംഘത്തെ സുരക്ഷിത സ്ഥലത്തെത്തിക്കാൻ ഭാരത സർക്കാർ വേണ്ട നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നാണ് കുര്യൻ അറിയിച്ചത്. ഖാന്റെ കുടുംബാംഗങ്ങൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ വ്യക്തിപരമായി ഇടപെടുകയും വിദേശകാര്യ മന്ത്രാലയം, വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി, സിയാറ്റിലിലെ കോൺസുലേറ്റ് എന്നിവയുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി നിരന്തരമായി പരിശ്രമിക്കുകയും ചെയ്യുന്നതായും ജോർജ് കുര്യൻ അറിയിച്ചിരുന്നു.

നോർത്ത് അമേരിക്കയിലെ പർവതത്തിൽ കുടുങ്ങിയതോടെ ഷെയ്ഖ് ഹസൻ, രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് പലരെയും ബന്ധപ്പെട്ടിരുന്നു. സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചാണ് സഹായം അഭ്യർത്ഥിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്‌ഖ് ഹസൻ. നോർത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയിൽ കൊടുങ്കാറ്റ് അടിച്ചപ്പോഴാണ് ഷെയ്ഖ് ഹസൻ കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്ന് 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്. കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഹസന്റെ സന്ദേശത്തിൽ പറയുന്നു. ഓപ്പറേഷന് സിന്ദൂറിന് ആദരമർപ്പിച്ചുള്ള ബാനർ മൗണ്ട് ഡെനാലി മലമുകളിൽ സ്ഥാപിക്കാനായിരുന്നു ഹസന്റെ യാത്ര.

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍