എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ; 'നാടിനായി ഇനിയും മന്ത്രിമാരെ കാണും, അത് തന്‍റെ കടമ'

Published : Jun 25, 2026, 03:11 AM IST
ms arunkumar

Synopsis

ഫേസ്ബുക്കിൽ യുഡിഎഫ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ. വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും, നാടിന്റെ പുരോഗതിക്കായി പുതിയ സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് യുഡിഎഫ് ഭരിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകിയതും അദ്ദേഹം ഓർമ്മിപ്പിച്ചു.

മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയും തന്‍റെ വികസന നിലപാടും വ്യക്തമാക്കി മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ. "എംഎൽഎ പാർട്ടി മാറിയോ?" എന്ന യുഡിഎഫിന്‍റെ ചോദ്യത്തിനാണ്, വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും നാടിനായി ഇനിയും സർക്കാരിനെ സമീപിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് എം.എൽ.എ രംഗത്തെത്തിയത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കേരളത്തിൽ നിലവിലുള്ള യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ കോൺഗ്രസിന്‍റെ മാത്രം മന്ത്രിമാരായല്ല, മറിച്ച് കേരളത്തിന്റെ പൊതുവായ മന്ത്രിമാരായിട്ടാണ് താൻ കാണുന്നതെന്ന് എംഎൽഎ ഓർമ്മിപ്പിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിക്കുന്നുണ്ടെന്നും, മാവേലിക്കരയിലെ വികസനങ്ങൾക്ക് തുടർച്ചയുണ്ടാകാൻ ഇപ്പോഴത്തെ സർക്കാരിന്‍റെ ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനായി ഇനിയും മന്ത്രിമാരെ കാണുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അത് തന്‍റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വികസന കാര്യങ്ങളിൽ താൻ ഒരിടത്തും രാഷ്ട്രീയ വിദ്വേഷം കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തെ ചില യാഥാർത്ഥ്യങ്ങൾ എംഎൽഎ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ 5 വർഷം യുഡിഎഫ് ഭരണസമിതികൾ ഭരിച്ച മാവേലിക്കര മുനിസിപ്പാലിറ്റിയിലും താമരക്കുളം പഞ്ചായത്തിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. അവിടെ കോൺഗ്രസ് ആണ് ഭരിക്കുന്നത് എന്നതുകൊണ്ട് എംഎൽഎ ഫണ്ടോ സർക്കാർ ഫണ്ടോ നൽകാതിരുന്നിട്ടില്ല. ഇക്കാര്യം സംശയമുള്ളവർക്ക് അവിടുത്തെ ജനങ്ങളോടോ ജനപ്രതിനിധികളോടോ ചോദിച്ചറിയാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

മാവേലിക്കരയിൽ എല്ലായിടത്തും വികസനമെത്തിക്കാൻ തന്‍റെ പാർട്ടിയും ഇടതുപക്ഷവും എപ്പോഴും ഒപ്പമുണ്ടായിരുന്നുവെന്നും സങ്കുചിതമായി ആരും ചിന്തിച്ചിട്ടില്ലെന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. "സർക്കാരുകൾ മാറിയേക്കാം, തെരഞ്ഞെടുപ്പിൽ ജയിച്ചു വരുന്ന രാഷ്ട്രീയകക്ഷികളുടെ നയങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ നാടിന്‍റെ വികസനം നിലയ്ക്കരുത്. മാവേലിക്കരയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാനും, തുടങ്ങി വെച്ചവ പൂർത്തീകരിക്കാനും ഇനിയും ഞാൻ മന്ത്രിമാരെ കാണും. അതിൽ ആർക്കും ഒരു സംശയവും വേണ്ട." എം. എസ്. അരുൺകുമാർ വ്യക്തമാക്കി.

കഴിഞ്ഞ 5 വർഷം കൊണ്ട് നിരവധി പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, വലിയ ചില പദ്ധതികൾ ഇപ്പോൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അവ പൂർത്തിയാക്കാൻ പുതിയ സർക്കാരിന്‍റെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് അത് തുടരാമെന്നും, എന്നാൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മാവേലിക്കരയിലെ ജനങ്ങൾക്കൊപ്പം താൻ മുന്നോട്ട് തന്നെ ഉണ്ടാകുമെന്നും വ്യക്തമാക്കിയ എം.എൽ.എ, 'വികസനമാണ് ലക്ഷ്യം, ജനങ്ങളാണ് കരുത്ത്' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി, സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ എക്സൈസ്; വ്യാജ കള്ളിന്‍റെ ഉൽപാദനം അവസാനിപ്പിക്കും
ഒരു കാരണവശാലും മറക്കരുത്, ഇത്തവണ 19,80,224 കുട്ടികൾ; പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്, 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം