യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം സർക്കുലർ, വഖഫ് ഭേദഗതി, പി എം ശ്രീ പദ്ധതി എന്നിവയിലൂടെ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു
മലപ്പുറം: യു ഡി എഫ് സർക്കാരിനും ആർ എസ് എസ് അജണ്ടകൾക്കും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോക കേരള സഭയെ പണ്ട് എതിർത്തവരാണ് ഇന്ന് കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നത്. നാടിന്റെ ആവശ്യങ്ങൾക്കായുള്ള ഇത്തരം പ്രവാസി പദ്ധതികളോട് ഇന്നത്തെ സർക്കാരിന്റെ സമീപനം എന്താകുമെന്ന് കണ്ടറിയണം. സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും തഴയുകയാണുണ്ടായത്. പ്രവാസി പദ്ധതികളുടെ ഭാവി തുലാസിലായതോടെ പ്രവാസികൾ വലിയ ആശങ്കയിലാണെന്നും, എൽ ഡി എഫ് കാലത്തെ പദ്ധതികൾ വെട്ടിക്കുറച്ച സർക്കാരിന്റെ അനാവശ്യ പിടിവാശികളും സമീപനവും തിരുത്തണമെന്നും തിരൂരിൽ കേരള പ്രവാസി സംഘം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു.
വന്ദേമാതരം 7 വരിയിൽ കൂടുതൽ വേണ്ട
സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു കാലത്തുമില്ലാത്ത രീതിയിൽ വന്ദേമാതരം ആലാപനം നടത്തിയതിനെയും പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് വന്ദേമാതരം ആലപിക്കുന്നതിന് കൃത്യമായ ചിട്ടയുണ്ട്. മതനിരപേക്ഷതയ്ക്ക് നിരക്കാത്ത രീതിയിൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലുന്നത് ആർ എസ് എസ് ആണ്. എന്നാൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിലൂടെ യു ഡി എഫ് സർക്കാർ, ആർ എസ് എസ് നിലപാടുകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുകയാണെന്ന് തെളിഞ്ഞെന്നും പിണറായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ പാർട്ടി പോലും അംഗീകരിക്കാത്ത ഈ വിഷയത്തിൽ ദുരഭിമാനം വെടിഞ്ഞ് ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്ദേമാതരത്തിലെ ആദ്യ ഏഴ് വരികൾ മാത്രമാണ് ചൊല്ലേണ്ടതെന്നും അതിൽ കൂടുതൽ ചൊല്ലണമെന്ന സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതി വിഷയത്തിലും മുസ്ലിം ലീഗിന്റെയും യു ഡി എഫ് സർക്കാരിന്റെയും ആർ എസ് എസ് പ്രീണനം തുറന്നുകാട്ടുന്നതാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. അമുസ്ലീങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുമെന്ന് പറയുന്നത് യു ഡി എഫ് സർക്കാരാണ്. രാജ്യത്ത് എല്ലാ മതങ്ങൾക്കും സ്ഥാപനങ്ങളുമുണ്ടെങ്കിലും മറ്റ് മതസ്ഥരെ അതിലൊന്നും ഉൾപ്പെടുത്താറില്ല. എന്നാൽ വഖഫിൽ ആർ എസ് എസ് അജണ്ട നടപ്പിലാക്കുകയാണ്. ഇതിന് മുന്നിൽ മുസ്ലിം ലീഗ് പൂർണ്ണമായും കീഴടങ്ങുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ 'പി എം ശ്രീ' പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. പി എം ശ്രീ വിഷയത്തിൽ വ്യാജപ്രചരണം നടത്തുന്ന സർക്കാർ, കേന്ദ്ര പദ്ധതിയിൽ നിന്ന് പിന്മാറാതിരിക്കുന്നത് ചില ഉപകാരസ്മരണകൾ ഉള്ളതുകൊണ്ടാണ്. മുപ്പതിലധികം മണ്ഡലങ്ങളിൽ യു ഡി എഫും ബി ജെ പിയും തമ്മിലുണ്ടാക്കിയ നീക്കുപോക്കിന്റെ തുടർച്ചയാണിത്. ഇത്തരത്തിലുള്ള ഒത്തുതീർപ്പ് രാഷ്ട്രീയം കാരണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല തകരുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

