പിഎസ്‍സി സമരം: മുഖ്യമന്ത്രി ഇടപെടുന്നു, സമരക്കാരുമായി മന്ത്രി ബാലൻ ചർച്ച നടത്തും

By Web TeamFirst Published Feb 26, 2021, 12:28 PM IST
Highlights

മന്ത്രിയുടെ ഓഫീസിൽ വെച്ച് ചർച്ച നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തിൽ കൂടിയാണ് സർക്കാർ ഇടപെടലെന്നാണ് സൂചന. 

തിരുവനന്തപുരം: പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. സമരം നടത്തുന്ന എൽജിഎസ് റാങ്ക് ഹോൾഡേസുമായി ചർച്ച നടത്താൻ മന്ത്രി എകെ ബാലനെ ചുമതലപ്പെടുത്തി. മന്ത്രിയുടെ ഓഫീസിൽ വെച്ച് 28 ന് ചർച്ച നടക്കും.  തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തിൽ കൂടിയാണ് ഒത്തു തീർപ്പിനുള്ള സർക്കാർ ഇടപെടൽ.

എൽജിഎസ് പ്രതിനിധികൾ ഡിവൈഎഫ്ഐ ഓഫിസിൽ എഎ റഹീമുമായി ഇന്ന് ചർച്ച നടത്തി. മന്ത്രിയെ കാണുന്നതിന് മുന്നോടിയായാണ് ഈ ചർച്ചയെന്നാണ് സൂചന. സാധാരണ കൂടിക്കാഴ്ചയായിരുന്നുവെന്നും സമരക്കാരോട് അഭിപ്രായ വ്യത്യാസമില്ലെന്നും ഇതിനെ മറയാക്കുന്ന ചിലരോട് മാത്രമാണ് അഭിപ്രായ വ്യത്യാസമെന്നുമാണ് സമരക്കാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റഹീം മാധ്യമങ്ങളോട് പ്രതികരിച്ചത്.

സർക്കാരിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും മന്ത്രി ബാലനായി 28 ചർച്ച നടത്തുമെന്നും  ഉദ്യോഗാർത്ഥികളുടെ പ്രതിനിധി ലയയും പ്രതികരിച്ചു. സർക്കാർ സമീപനം പ്രതീക്ഷ നൽകുന്നതാണ്. ഡിവൈഎഫ്ഐയുമായി സാധാരണ കൂടിക്കാഴ്ചയാണ് നടത്തിയത്. മന്ത്രിയുമായി ചർച്ച നടക്കുന്നത് വരെ സമരം തുടരുമെന്നും ലയ അറിയിച്ചു. 

ഉദ്യോഗാർത്ഥികളുടെ സമരം: 'പരമാവധി നിയമനം നല്‍കും', സർക്കാർ വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനിയും രണ്ട് മാസങ്ങൾ കൂടി ഉള്ളതിനാൽ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തുമെന്നും നേരത്തെ സർക്കാർ അറിയിച്ചിരുന്നു. എന്നിരുന്നാലും പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ഇവർ പ്രതിഷേധ സമരം തുടരുകയാണ്. 

റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന് സർക്കാർ വീണ്ടും വ്യക്തമാക്കിയതോടെ സിപിഒ ഉദ്യോഗാർത്ഥികളും സമരം ശക്തമാക്കിയിട്ടുണ്ട്. ഫോറസ്റ്റ് വാച്ചർ, കെഎസ്ആർടിസി ഡ്രൈവർ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഇന്നലെ സർക്കാർ ഉത്തരവായി ഇറക്കിയിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പുതിയ ഉറപ്പുകളൊന്നും ഉത്തരവിലില്ല. പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 

click me!