Asianet News MalayalamAsianet News Malayalam

ഉദ്യോഗാർത്ഥികളുടെ സമരം: 'പരമാവധി നിയമനം നല്‍കും', സർക്കാർ വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി

നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്

PSC aspirants protest Kerala LDF govt published GO
Author
Thiruvananthapuram, First Published Feb 25, 2021, 12:44 PM IST

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട്, സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ ഉത്തരവായിറക്കി. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പുതിയ ഉറപ്പുകളൊന്നും ഉത്തരവിലില്ല. പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനിയും രണ്ട് മാസങ്ങൾ കൂടി ഉള്ളതിനാൽ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യത്തിൽ ന്യായമില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്ന 1200 തസ്തികകളിലേക്കും നിയമനം നടത്തിയെന്നും സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടികെ ജോസാണ് ചർച്ച നടത്തിയത്. ചർച്ചയിൽ വാക്കാൽ നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറക്കുകയാണ് ചെയ്തത്. സിപിഒമാരുടെ ലിസ്റ്റിൽ 7580 പേരിൽ 5609 പേർക്ക് പിഎസ്‌സി അഡ്വൈസ് മെമോ നൽകി. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. 1100 ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെന്ന വാദത്തിന് വസ്തുതകളുടെ അടിസ്ഥാനമില്ലെന്നും ഉത്തരവിൽ പറയുന്നു.

എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി തീർന്നിട്ടില്ല. രണ്ട് മാസത്തിനുള്ളിൽ പരമാവധി ഒഴിവ് ലിസ്റ്റിൽ നിന്ന് നികത്തും. നൈറ്റ് വാച്ച്മാന്മാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നത് പരിശോധിക്കാമെന്നാണ് ഉറപ്പ്. എൽജിഎസ് ലിസ്റ്റ് കാലാവധി 4-8-2021 വരെ നീട്ടിയിട്ടുണ്ട്. പരമാവധി ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞെന്നും ഉത്തരവിൽ പറയുന്നുണ്ട്.

സർക്കാരിന് നിശ്ചിത എണ്ണം ഉദ്യോഗാർത്ഥികൾക്ക് നിയമനം കൊടുക്കാമെന്ന് പറയാനാവില്ല. പിഎസ്‌സിയാണ് നിയമനം നൽകേണ്ടത്. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്ന് 6000 പേർക്ക് നിയമനം നൽകിക്കഴിഞ്ഞിട്ടുണ്ട്. 

സമരം അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗാർത്ഥികൾ

സർക്കാർ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഉത്തരവായി പുറത്തിറക്കിയിരിക്കുന്നതെന്ന് ലയ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു കാര്യത്തിലും വ്യക്തമായ ഉത്തരമില്ല. ഇതൊരു ഉത്തരവായി കാണാനാവില്ല. എൽജിഎസ് ലിസ്റ്റിൽ 46000 പേരുണ്ട്. രണ്ടര വർഷം കൊണ്ട് ആറായിരം പേർക്കാണ് നിയമനം നൽകിയിരിക്കുന്നത്. പരമാവധി പേർക്ക് നിയമനം നൽകുമെന്ന വാഗ്ദാനം പ്രതീക്ഷയോടെ കാണുന്നു. സർക്കാരിനെ താറടിക്കാനുള്ളതല്ല സമരം. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ പ്രതീക്ഷയുണ്ടായിരുന്നു. തീരുമാനങ്ങൾ ഒന്നും വരാതിരുന്നതോടെ പലരും പ്രതീക്ഷയറ്റ നിലയിലായി. നൈറ്റ് വാച്ച്മാന്മാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കുന്നത് പരിശോധിക്കാമെന്നാണ് പറയുന്നത്. അത് നല്ല കാര്യമാണ്. 2017 ലാണ് മനുഷ്യാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച് ശുപാർശ ഇറക്കിയത്. പരിശോധിക്കുന്നുവെന്നത് കൊണ്ട് സമരം അവസാനിപ്പിക്കാനില്ല. ആവശ്യപ്പെട്ട കാര്യങ്ങൾ കൃത്യമായ ഉത്തരവായി ഇറക്കിയാലേ സമരം അവസാനിപ്പിക്കൂ എന്നും ലയ രാജേഷ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios