
തിരുവനന്തപുരം: ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് സസ്പെൻഡ് ചെയ്ത കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ മുമ്പും കൈക്കൂലി കേസിൽ പ്രതി. എൻഡിപിഎസ് കേസിലെ പ്രതിയായ യുവാവിനെ ഒഴിവാക്കാൻ പ്രതിയുടെ അമ്മയുടെ കൈയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അശോക് കുമാറിന് ലഭിച്ചിരുന്ന മുഖ്യമന്ത്രിയുടെ മെഡൽ തിരിച്ചുവാങ്ങിയിരുന്നു. ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ ആണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് കമ്മീഷണർ സാംബശിവറാവു ബാറുകളിൽ നേരിട്ടെത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാതെ വന്നപ്പോൾ ചില ബാറുടമകൾ തന്നെയാണ് പരാതി നൽകിയത്. എക്സൈസ് മന്ത്രി എം ലിജുവിനും കമ്മീഷണർക്കും വാട്സ്ആപ്പ് വഴിയും പരാതികൾ ലഭിച്ചു. ചങ്ങനാശേരി റേഞ്ചിൽ സമയപരിധി കടന്നും ബാറുകൾ പ്രവർത്തിക്കുന്നുവെന്നും പണവും മദ്യവും മറ്റ് ഉപഹാരങ്ങളും വാങ്ങി എക്സൈസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു എന്നുമായിരുന്നു പരാതി. ഇതേ തുടർന്നാണ് എക്സൈസ് കമ്മീഷണർ സാംബശിവറാവു നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങിയത്. കോട്ടയത്തെ തൃക്കൊടിത്താനത്തുള്ള ബാറിലടക്കം കമ്മീഷണർ നേരിട്ടെത്തി മൊഴിയും തെളിവും ശേഖരിച്ചു. ഇടനിലക്കാരൻ വഴി ഡെപ്യൂട്ടി കമ്മീഷണർ പണം വാങ്ങുന്നുണ്ടെന്ന് കമ്മീഷണർ കണ്ടെത്തി. പിന്നാലെ ഇടനിലക്കാരൻ്റെ വീട്ടിലും പരിശോധന നടത്തി. ഇതിനിടെ അശോക് കുമാർ പരിശോധനയെക്കുറിച്ച് പറഞ്ഞ് ഇടനിലക്കാരൻ്റെ വാട്സ്ആപ്പിലേക്കും വിളിച്ചതും തെളിവായി.
സമയപരിധി കടന്നുള്ള കച്ചവടത്തിനും ലൈസൻസ് പുതുക്കാനും ഇടനിലക്കാർ വഴി പണം വാങ്ങുന്നുവെന്ന് എക്സൈസ് കമ്മീഷണർ കണ്ടെത്തി. നാല് ബാറുകളിൽ നിന്നായി 55,000 രൂപ ഇടനിലക്കാരൻ വഴി ഡെപ്യൂട്ടി കമ്മീഷണർ വാങ്ങുന്നുവെന്ന മൊഴി ലഭിച്ചു. പിന്നാലെ അശോക് കുമാറിനെ സസ്പെൻഡ് ചെയ്യാൻ കമ്മീഷണർ ഉത്തരവിടുകയായിരുന്നു. പണവും ഉപഹാരവും മദ്യവും വാങ്ങി ക്രമക്കേടിന് കൂട്ടുനിന്നുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് മറ്റ് ആറ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തത്.
ഈ വർഷം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മെഡൽ പട്ടിയിൽ കളങ്കിത ഉദ്യോഗസ്ഥർ കടന്നുകൂടി. കേസിൽ പ്രതിയായിരുന്ന ജോയിൻ്റ് കമ്മീഷണറും അസിസ്റ്റൻ്റ് കമ്മീഷണറും മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ പട്ടികയിൽ സ്ഥാനം നേടിയത്. ലഹരിക്ക് അടിമപ്പെട്ട കുട്ടിയുടെ അമ്മയോട് മോശമായി പെരുമാറിയതിന് വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥനും തൊണ്ടിമുതൽ മറിച്ചുവിറ്റ ഉദ്യോഗസ്ഥനുമാണ് മെഡൽ നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam