
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകൾ ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദ് ആയി മാറുന്ന സാഹചര്യത്തെ വിമർശിച്ച് ബി ജെ പി. ദേശീയ തലത്തിൽ ആഹ്വാനം ചെയ്തിട്ടുള്ള ട്രേഡ് യൂണിയൻ പണിമുടക്ക് കേരളത്തിൽ മാത്രമാണ് നടക്കുകയെന്നും മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശും ചൂണ്ടികാട്ടി. മറ്റ് സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തുമ്പോൾ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തുകയാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, അടിസ്ഥാന സൗകര്യമേഖലകളിൽ കടം വാങ്ങിയിട്ട് ജീവിക്കേണ്ട സ്ഥിതിയിലാണ് നമ്മുടെ നാടുള്ളത്. ആശാ സമരം തന്നെ അതിന് വലിയ ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനം കടന്നുപോകുമ്പോൾ ഇത്തരം പണിമുടക്കുകൾ നടത്തുന്നത് സാമ്പത്തിക മേഖലയെ പിന്നോട്ടിപ്പിക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. സമരങ്ങൾക്കോ ട്രേഡ് യൂണിയനുകൾക്കോ എതിരല്ല ബി ജെ പി. പക്ഷേ നിലവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മയും വിലക്കേറ്റവും ഏറ്റവും അധികം ഉള്ള സംസ്ഥാനമാണ് കേരളം. ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിരാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ചൈനയിൽ അഭിമാനം കൊള്ളുകയാണ് സി പി എം സംസ്ഥാന സെക്രട്ടറി. എന്നാൽ ചൈന തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്ന മാറ്റത്തെക്കുറിച്ചും, സാമ്പത്തിക മുന്നേറ്റം നടത്തുന്നതിനെക്കുറിച്ച് എന്തുകൊണ്ട് സി പി എം പഠിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
പണിമുടക്കിന് ആഹ്വാനം ചെയ്ത തൊഴിലാളി സംഘടനകൾ എന്ത് കാര്യത്തിനാണ് പണിമുടക്ക് എന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. പണിമുടക്ക് കേരളത്തിൽ മാത്രമാണുള്ളതെന്നും മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ലെന്നും എം ടി രമേശ് അഭിപ്രായപ്പെട്ടു. ഇത് സർക്കാർ സ്പോൺസേർഡ് സമരമാണ്. സമരം ചെയ്യുന്നവർക്കെതിരെ ഡയസ്നോൺ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. കെ എസ് ആർ ടി സി ബസുകളും സ്വകാര്യവാഹങ്ങളും തടഞ്ഞാൽ ആ വാഹനങ്ങളിലുള്ളവരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിന് വരുന്ന വലിയ സാമ്പത്തിക നഷ്ടം തൊഴിലാളി സംഘടന നേതാക്കളിൽ നിന്ന് ഈടാക്കാൻ സർക്കാർ തയ്യാറാകണമെന്നും എം ടി രമേശ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam