
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് ജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തൽ ആവശ്യമങ്കിൽ തിരുത്തും. 2021ൽ യുഡിഎഫിന് കിട്ടിയ വോട്ട് നിലനിർത്താനായില്ല. 1420 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. ഇടതുമുന്നണി രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂർ. കഴിഞ്ഞ തവണ കിട്ടിയ വോട്ട് അടക്കം പോയ തെരഞ്ഞെടുപ്പിലെ ഡാറ്റ അത്രയും ഉണ്ട്. പാർട്ടി വോട്ടിന് പുറമെനിന്ന് വോട്ട് കിട്ടുമ്പോഴാണ് ജയിക്കാറെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
യുഡിഎഫിന് വർഗ്ഗീയ ശക്തികളുടെ പിന്തുണ കിട്ടി. ബിജെപി വോട്ട്, ഇടതുപക്ഷം ജയിക്കാതിരിക്കാൻ യുഡിഎഫിന് പോൾ ചെയ്തു. വിഡി സതീശൻ പറയുന്നത് ജമാ അത്തെ ഇസ്ലാമിയുടെ.പിന്തുണയെ പറ്റിയാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതയെ ഉപയോഗിച്ചു. വർഗ്ഗീയ തീവ്രവാദ ശക്തികൾ ചേർന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കിയാണ് നിലമ്പൂർ. ഇത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും.
വർഗ്ഗീയ ശക്തികളെ മാറ്റി നിർത്തിയാണ് നിലമ്പൂരിൽ ഇത്രയധികം വോട്ട്.എൽഡിഎഫിന് കിട്ടിയത്. വർഗ്ഗീയ ശക്തികളെ ഒരുമിപ്പിച്ചും കള്ളപ്രചാരണം നടത്തിയും യുഡിഎഫ് വോട്ട് പിടിച്ചെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ ആണ് ഭാവി ഇടത് രാഷ്ട്രീയം. കൊലിബി നീക്കം ഇതിന് മുൻപും തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. യുഡിഎഫിന് ജനപിന്തുണ കുറഞ്ഞു. സർക്കാർ വിരുദ്ധ വികാരം ഇല്ല. ജനതാൽപര്യം മുൻനിർത്തിയാണ് ഇടത് നയം. അതുമായി തന്നെ മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അൻവറിന്റെ വോട്ട് കൂടി വാങ്ങിയാണ് നിലമ്പൂരിൽ ജയിച്ചത്. ഇത്തവണയും അൻവറിന്റെ വോട്ടിന്റെ കുറവാണ് തോൽവിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടത് വോട്ടിൽ കുറച്ച് അൻവർ പിടിച്ചിട്ടുണ്ട്. എവിടെ ഒക്കെ വോട്ട് ചോർന്നെന്ന് വിശദമായി പരിശോധിക്കും. ആർഎസ്എസ് ബന്ധവിവാദം ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിഎസിന്റെ ആരോഗ്യനില ഇപ്പോൾ സ്റ്റേബിൾ ആണെന്ന് ഡോക്ടർമാർ പറഞ്ഞതായും എംവി ഗോവിന്ദൻ അറിയിച്ചു.