കാശിക്ക് പോകുന്നുവെന്ന് കുറിപ്പ്; ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല, സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്

Published : Aug 27, 2026, 08:56 AM IST
Shivasurya Missing

Synopsis

കണ്ണൂരിൽനിന്ന് കാണാതായ ശിവസൂര്യയെക്കുറിച്ച് ഇതുവരെ ഒരു സൂചനയുമില്ല. വാരാണസിയിൽ എത്തിയ പൊലീസ് സംഘം 17കാരനെ കണ്ടെത്താനായി വ്യാപക പരിശോധന നടത്തി. 50ലേറെ സിസിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടും ഒരു സൂചനയുമില്ല.

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല. പ്രത്യേക അന്വേഷണ സംഘം വാരാണസിയിൽ എത്തി തെരച്ചിൽ നടത്തിയെങ്കിലും 17 വയസ്സുകാരനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പൊലീസ് സംഘം വാരാണസിയിൽ അൻപതിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ശിവസൂര്യ വാരാണസിയിലേക്ക് എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കുട്ടി കേരളത്തിൽ എവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുന്നുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.

കാശിക്ക് പോകുന്നുവെന്ന ശിവസൂര്യയുടെ കുറിപ്പ് ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം വാരാണസിയിലേക്ക് പരിശോധന വ്യാപിപ്പിച്ചത്. രണ്ട് ദിവസം മുമ്പാണ് പൊലീസ് സംഘം വാരാണസിയിലേക്ക് തിരിച്ചത്. ഉത്തർ പ്രദേശ് പൊലീസിൻ്റെ സഹായത്തോടെ വാരാണസിയിൽ അൻപതിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ച സംഘം, ശിവസൂര്യയുടെ ചിത്രവുമായി മേഖലയിലെ കടകൾ, ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. വാരാണസിയിലെ മലയാളി സംഘടനകളുടെ സഹായവും പൊലീസ് തേടി. എന്നാൽ ഇതുവരെ ശിവസൂര്യയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. രണ്ടു ദിവസം കൂടി വാരാണസിയിൽ തുടർന്ന് പരിശോധന നടത്താനാണ് പൊലീസിൻ്റെ തീരുമാനം.

മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങിവെച്ചതിൻ്റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന കുറിപ്പെഴുതി വെച്ച ശേഷം 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായി ശിവസൂര്യ ചൊക്ലിയിലെ വീട് വീട്ടിറങ്ങിയത്. ഓഗസ്റ്റ് എട്ടാം തീയതിയായിരുന്നു സംഭവം. 'താൻ കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും' എന്നിങ്ങനെയായിരുന്നു കുറിപ്പ്. കൈയിലെ കാശ് തീരുമ്പോൾ മകൻ തിരിച്ചുവരുമെന്ന് മാതാപിതാക്കൾ കരുതിയിരുന്നു. എന്നാൽ മൂന്നാഴ്ചയായിട്ടും ശിവസൂര്യയെക്കുറിച്ച് ഒരു സൂചനയുമില്ലാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുകയാണ്. ശിവസൂര്യയ്ക്കായി പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകത്തിലെ മംഗളൂരുവിലും മൈസുരുവിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ശിവസൂര്യ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

32കാരി കൊല്ലപ്പെട്ട നിലയിൽ, കൂടെ താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ; മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം
ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം; ജയിൽ ജീവനക്കാർക്കും പെരുമ്പാവൂർ പൊലീസിനും എതിരെ നടപടി