
മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്ന സർവ്വേ ഫലങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആരെയും പിണക്കാത്ത രീതിയിലാണ് സർവ്വേ ഫലങ്ങൾ വന്നിരിക്കുന്നതെങ്കിലും, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതേ തരംഗം തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'കാഫിർ' സ്ക്രീൻഷോട്ട് പോലെയുള്ള തന്ത്രങ്ങൾ സിപിഎം മുൻപും പയറ്റിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ അവ പുറത്തുവരുന്നുവെന്നതാണ് മാറ്റമെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. സിപിഎം അധികാരത്തിൽ ഇരിക്കുന്നതിനാലാണ് വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചവരെ കണ്ടെത്താത്തത്. ആരാണ് ഇതിന് പിന്നിലെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ വിഷയത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രാഹുൽ ഗാന്ധിക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾ ദേശീയതലത്തിൽ സിപിഎമ്മിന്റെ ദുർബലതയാണ് വ്യക്തമാക്കുന്നത്. കേരളത്തിന് പുറത്ത് ഒരു സീറ്റ് കിട്ടണമെങ്കിൽ പോലും കോൺഗ്രസിന്റെ സഹായം വേണ്ടവരാണ് സിപിഎം. മുഖ്യമന്ത്രി കാണിക്കുന്നത് നന്ദികേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഫ്‌സിആർഎ ബില്ലിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു. "പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ എന്നതാണ് ബിജെപി നയം. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രി ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി തന്നെയാണ് ഇടനൽകുന്നതെന്നും, അവരുടെ യഥാർത്ഥ ലക്ഷ്യം ബിൽ കൊണ്ടുവന്നതിലൂടെ വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്ര സർക്കാർ ഈ ബില്ലുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam